ഹെല്‍സിങ്കി- ഫിന്‍ലാന്‍ഡില്‍ 34കാരി മുന്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി സനാ മാരിന്‍ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞയാള്‍ സര്‍ക്കാരിനെ നയിക്കാനെത്തുന്നത്. ലോകത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സനാ. യുക്രൈന്‍ പ്രധാനമന്ത്രി 35കാരി ഒലെക്‌സി ഹൊന്‍ചരുകിന്റെ റെക്കോര്‍ഡാണ് സന മാറ്റി എഴുതിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ സനാ 2015 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. ഫിന്‍ലാന്‍ഡിലെ തപാല്‍ സമരം കൈകാര്യം ചെയ്തതിനെ ചൊല്ലി ഭരണസഖ്യത്തിലുണ്ടായ ഭിന്നതകളും പ്രതിസന്ധികളേയും തുടര്‍ന്ന് അന്റി റിന്നെ പ്രധാമന്ത്രി പദവിയില്‍ നിന്ന് ചൊവ്വാഴ്ച രാജിവെച്ചതോടെയാണ് സനാ തെരഞ്ഞെടുക്കപ്പെട്ടത്. 'എന്റെ പ്രായത്തെ കുറിച്ചോ ലിംഗഭേദത്തെ കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്കു വരാനുള്ള കാരണങ്ങളെ കുറിച്ചാണ് ചിന്തിച്ചത്. അതു കൊണ്ടാണ് വോട്ടര്‍മാരുടെ വിശ്വാസം നേടാനായത്'- സനാ പ്രതികരിച്ചു.
അഞ്ചു പാര്‍ട്ടികളടങ്ങുന്ന മധ്യ ഇടതുപക്ഷ സഖ്യമാണ് ഫിന്‍ലാന്‍ഡ് ഭരിക്കുന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വന്നാലും കാര്യമായ നയം മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍. 700 തപാല്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കാനുള്ള പദ്ധതി അവതരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് റിന്നെയുടെ രാജിയില്‍ കലാശിച്ചത്.