ജിദ്ദ- ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. മദീന, റാബിഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിദ്ദ കിംഗ് അബ്ദുൽ അസീസ് പുതിയ വിമാനത്താവളം എന്നീ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചാണ് സർവീസ് തുടരുന്നതെന്ന് ഓപ്പറേഷൻ വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ റയ്യാൻ അൽഹർബി അറിയിച്ചു. പരീക്ഷണ ഓട്ടവും സുരക്ഷാ പരിശോധനയും പൂർത്തിയായി. മക്കയിൽ നിന്നുള്ള സർവീസ് അടുത്ത ആഴ്ചയേ ആരംഭിക്കാനാവൂ. ജിദ്ദ വിമാനത്താവള സ്റ്റേഷൻ ജിദ്ദ നിവാസികൾക്ക് ഇപ്പോൾ ഉപയോഗിക്കാനാകും. തീപ്പിടിത്തത്തിൽ കത്തിനശിച്ച സുലൈമാനിയ സ്‌റ്റേഷന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഹറമൈൻ അതിവേഗ ട്രെയിൻ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് വഴിയും 920004433 കസ്റ്റമർ കെയർ വഴിയും കൗണ്ടറുകൾ വഴിയും നേടാവുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിറ്റുകളിലും സർവീസുണ്ടാകും. ഒരു വർഷം 20 മില്യൻ യാത്രക്കാരാണ് പദ്ധതിയുടെ ലക്ഷ്യം.