Sorry, you need to enable JavaScript to visit this website.

കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; 13 സീറ്റ് കിട്ടുമെന്ന് യെദിയൂരപ്പ

ബംഗളൂരു- കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായക ഉപതെരഞ്ഞടുപ്പ് ഫലം ഇന്ന്. കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതവയടക്കം 15 അസംബ്ലി സീറ്റുകളിൽ ഈ മാസം അഞ്ചിനാണ് വോട്ടെടുപ്പ് നടന്നത്.
മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പക്ക് അധികാരത്തിൽ തുടരണമെങ്കിൽ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും ബി.ജെ.പി സ്ഥാനാർഥികൾ ജയിക്കണം. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടണമെങ്കിൽ ഏഴ് പേരും. അല്ലാത്തപക്ഷം സ്വതന്ത്രൻ എച്ച്.നാഗേഷിനെയും, ബി.എസ്.പിയുടെ എൻ.മഹേഷിനെയും ആശ്രയിക്കേണ്ടിവരും. 
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യെദിയൂരപ്പ സർക്കാർ താഴെ വീഴുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തെ കോൺഗ്രസും, ജെ.ഡി.എസും. ബി.ജെ.പിക്ക് അഞ്ച് സീറ്റിൽ താഴെയേ കിട്ടൂവെന്ന് അവർ ഉറപ്പിക്കുന്നു. 


സർക്കാർ വീണാൽ വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യതയും കോൺഗ്രസ്, ജെ.ഡി.എസ് കക്ഷികൾക്കിടയിൽ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി യെദിയൂരപ്പക്ക് കുലുക്കമില്ല. 13 സീറ്റുകളിലെങ്കിലും ബി.ജെ.പി ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
കുപ്രസിദ്ധമായ ഓപറേഷൻ ലോട്ടസിലൂടെയാണ് ബി.ജെ.പി, മുൻ സർക്കാരിനെ അട്ടിമറിച്ചത്. കോൺഗ്രസ്, ജെ.ഡി.എസ് കക്ഷികളിലെ 13 എം.എൽ.എമാർ രാജിവെച്ചതോടെ കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമാവുകയായിരുന്നു. 223 അംഗ നിയമസഭ 208 ആയി ചുരുങ്ങി. 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഭൂരിപക്ഷമായി. ഇന്ന് ഫലം പുറത്തുവരുമ്പോൾ സഭയുടെ അംഗസംഖ്യ 223 ആയി ഉയരും.

 

Latest News