ഹൈദരാബാദ്- ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി എട്ടംഗ പോലീസ് സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തികൊന്ന കേസിലെ പ്രതികൾ തെളിവെടുപ്പിനിടെ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം. വെള്ളിയാഴ്ചയാണ് നാലു പേരെ തെലങ്കാന പോലീസ് വെടിവെച്ചുകൊന്നത്. തെളിവെടുപ്പിനിടെ പോലീസിന്റെ തോക്ക് കൈക്കലാക്കി പ്രതികൾ വെടിവെച്ചപ്പോൾ നടത്തിയ പ്രത്യാക്രമണത്തിൽ നാൽ പേരും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയും ഇക്കാര്യത്തിൽ അഭിഭാഷകർ നൽകിയ പരാതി ഇന്ന് പരിഗണിച്ചേക്കും.