ലഖ്‌നൗ-രാജ്യത്തെ ഞെട്ടിക്കുന്ന ലൈംഗിക പീഡന കേസുകള്‍ യു.പിയില്‍ നിന്നും പുറത്ത് വരുമ്പോഴും യോഗി സര്‍ക്കാര്‍ പശു സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കുകയാണ്. നീതിയ്ക്കുവേണ്ടി ഒരുപറ്റം ആളുകള്‍, ദേശത്തോടൊപ്പം ചേര്‍ന്ന് നിലവിളിയ്ക്കുമ്പോള്‍ പശു സംരക്ഷണത്തില്‍ മുഴുകിയിരിയ്ക്കുകയാണ് സര്‍ക്കാര്‍.
ബലാത്സംഗം, ആസിഡ് ആക്രമണം, തീ കത്തിച്ചു കൊലപ്പെടുത്തല്‍, തുടങ്ങി, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശ് മുന്‍ നിരയിലാണ്. ഇത്രയേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ വിഷയം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുമെന്ന് കരുതിയെങ്കില്‍ തെറ്റി. സര്‍ക്കാരിന് താത്പര്യം മറ്റു കാര്യങ്ങളിലാണ് എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍.
ഉത്തര്‍ പ്രദേശില്‍ പശു സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. പശു സംരക്ഷണത്തിനായി പ്രത്യേക ഫാമുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഉടമകളില്ലാത്ത പശുക്കളെ സംരക്ഷിക്കാനാണ് യോഗി സര്‍ക്കാര്‍ പ്രത്യേക ഫാമുകള്‍ ആരംഭിക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഫാമുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ലക്ഷമി നാരായണന്‍ ചൗധരിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും യോഗി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ബരാബങ്കി, മഹാരാജ് ഗഞ്ച് എന്നിവടങ്ങളിലാണ് ഫാമുകള്‍ ആരംഭിക്കുക.
ഉടമകളില്ലാത്ത പശുക്കള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഫാമുകള്‍ ആരംഭിക്കുന്നതോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. പശുക്കളുടെ സംരക്ഷണത്തിനൊപ്പം ഫാമുകള്‍ ടൂറിസം മേഖലയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. 15,000 മുതല്‍ 25,000 വരെ പശുക്കളെ വളര്‍ത്താന്‍ കഴിയുന്ന ഫാമുകളാണ് ആരംഭിക്കാന്‍ ശ്രമിക്കുന്നത്. പശുക്കളെ സംരക്ഷിക്കുന്നതിനൊപ്പം ബയോ ഗ്യാസ് പ്ലാറ്റുകളും ആരംഭിക്കാന്‍ കഴിയുമെന്നും നാരായണന്‍ ചൗധരി പറഞ്ഞു.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് ഉത്തര്‍ പ്രദേശില്‍. ഉന്നാവില്‍ മാത്രമായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 86 ബലാത്സംഗ കേസുകളാണ്. 185 ലൈംഗിക അതിക്രമ കേസുകളും ജില്ലയിലുണ്ടായി.