പൂനെ- രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും നീതിന്യായ സംവിധാനത്തിലെ കാലതാമസത്തിനുമെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) ഭേദഗതി ചെയ്യുമെന്നാവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസിയും ക്രിമിനല്‍ നടപടി ചട്ടങ്ങളും ഭേദഗതി ചെയ്ത് കാലോചിതമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൂനെയില്‍ ഡിജിപിമാരുടേയും ഐജിമാരുടേയും യോഗത്തില്‍ മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് അമിത് ഷാ ഇക്കാര്യം പറയുന്നത്. ഇന്നത്തെ ജനാധിപത്യ സംവിധാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന രൂപത്തില്‍ ശിക്ഷാ നിയമം പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഐപിസി, ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ എന്നിവയില്‍ വരുത്തേണ്ട പരിഷ്‌ക്കരണങ്ങള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചതായി ബുധനാഴ്ച അമിത് ഷാ പറഞ്ഞിരുന്നു.
ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ വേഗത്തിലാക്കാന്‍ ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവരിക. ഇത്തരം കേസുകളിലെ പ്രതികളുടെ വിചാരണ ഏറെ കാലം നീളുന്നതിനെതിരെ ജനവികാരം ശക്തമാണ്.