ന്യൂദല്‍ഹി- ദല്‍ഹിയിലെ അനാജ് മണ്ഡിയില്‍ ഒരു ബാഗ് ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ച 43 പേരുടെ കുടുംബത്തിന് ദല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.
56 പേരെ അപകടസ്ഥലത്തു നിന്നും രക്ഷപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റും പുകശ്വസിച്ചും മറ്റും പരിക്കേറ്റിട്ടുണ്ട്. ഏതാനും പേരുടെ നില ഗുരുതരമാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ സംഭ സമയത്ത് 59 തൊഴിലാളികളാണ് ഉറങ്ങിക്കിടന്നിരുന്നത്. ഈ കെട്ടിടത്തില്‍ നിന്ന് 63 പേരെ രക്ഷിച്ചു. 150ലേറെ രക്ഷാ പ്രവര്‍ത്തകരാണ് രക്ഷാദൗത്യത്തിന് മുന്നിലുണ്ടായിരുന്നത്.
അപകടമുണ്ടായ കെട്ടിടത്തില്‍ മതിയായ അഗ്നിരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ല. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ഉടമകള്‍ മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.