പൂനെ- രാജ്യത്തെ ജയിലുകളില്‍ ഗോശാലകള്‍ ആരംഭിക്കണമെന്നും പശുപരിപാലന ചുമതല ഏല്‍പ്പിച്ചാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയില്‍ ഗോ വിജ്ഞാന്‍ സന്‍ശോധന്‍ സന്‍സ്ഥയുടെ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ ഗോശാലകള്‍ ആരംഭിക്കുകയും തടവുകാര്‍ അവയെ പരിപാലിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ അവരുടെ കുറ്റവാസന കുറഞ്ഞുവരുന്നത് കാണാനാകും. ജയില്‍ അധികൃതര്‍ പങ്കുവെച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ മുഴുവന്‍ സമൂഹവും ഒന്നിച്ച് രംഗത്തിറങ്ങണമെന്നും ഇതിന്റെ പ്രാധാന്യം ജനങ്ങളെ ശാസ്ത്രീയമായി ധരിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.