ന്യൂദൽഹി- പ്രതികാരം നീതിയാണെന്ന് തെറ്റിദ്ധരിക്കരുത്. നീതി ഉറപ്പാക്കാൻ പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുമ്പോൾ ആ വാക്കിന്റെ അന്തസ്സത്ത ഇല്ലാതാകും. നീതി എന്നാൽ തൽക്ഷണം ലഭിക്കുന്ന ഒന്നല്ല. രാജ്യത്ത് അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങളിൽ കൈക്കരുത്താണ് കാണുന്നത്. ക്രിമിനൽ നീതി നിർവഹണം പുനഃപരിശോധിക്കേണ്ട കാര്യമാണെന്നതിൽ സംശയമില്ല. അശ്രദ്ധയും തീർപ്പു കൽപിക്കാനെടുക്കുന്ന കാലതാമസവും പരിശോധിക്കപ്പെടണം. നീതി എന്നാൽ ഉടനടി നടപ്പാക്കേണ്ട ഒന്നാണെന്ന് കരുതാനാകില്ല. അതിന് പ്രതികാരത്തിന്റെ വഴി സ്വീകരിക്കരുത്. നീതി പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുമ്പോൾ അതിന്റെ യഥാർഥ അർഥം തന്നെ ഇല്ലാതാകും. നീതിന്യായ വ്യവസ്ഥയിൽ ഒരു സ്വയം നവീകരണത്തിന്റെ ആവശ്യം അനിവാര്യമാണ്. എന്നാൽ, അക്കാര്യങ്ങൾ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യേണ്ട കാര്യമായി കണക്കാക്കരുത്. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന എണ്ണമില്ലാത്ത കേസുകളുണ്ട്. നീതിന്യായ സംവിധാനം നിലവിലുള്ള സാഹചര്യങ്ങളനുസരിച്ച് ജനങ്ങൾക്ക് ശക്തവും സമീപിക്കാവുന്നതുമായ ഒന്നായി മാറണം. അതോടൊപ്പം പരാതികളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിനായി ഒരു സ്വയം നവീകരണം വേണം. കേസുകളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിന് പുറമേ മധ്യസ്ഥതയിലൂടെ തീർപ്പുണ്ടാക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ട്.
നീതിന്യായ വ്യവസ്ഥ സ്വയം കുറവുകൾ നികത്തണം എന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നാലു സുപ്രീം കോടതി ജഡ്ജിമാരുടെ പത്രസമ്മേളനം തന്നെ അത്തരമൊരു നടപടി മാത്രമായിരുന്നു. എന്നാൽ, ആ നടപടിയെ ന്യായീകരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ജഡ്ജിമാരും വിശിഷ്ട വ്യക്തിത്വങ്ങൾ തന്നെ ആയിരുന്നു. പ്രത്യേകിച്ച്, ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മികച്ച രീതിയിൽ ജുഡീഷ്യറിയെ മുന്നിൽ നിന്നു നയിച്ച ന്യായാധിപനായിരുന്നു.