കോഴിക്കോട് - പരിസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന ആർക്കിടെക്ചർ കൂട്ടായ്മയായ കോഎർത്ത്, പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. ഖമറുദ്ധീൻ കുഞ്ഞിന് കോഎർത്ത് എൻവിറോൺമെന്റ് ട്രിബ്യൂട്ട് എന്ന പേരിൽ മരണാനന്തര ബഹുമതി നൽകി ആദരിച്ചു. ജൈവ വൈവിധ്യത്തിന്റെ കലവറയായ പെരിങ്ങമ്മല പഞ്ചായത്തിനെ ചവറ്റുകൊട്ടയാക്കുമായിരുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറിയതിനു പിന്നിലെ സമരങ്ങളെ വൈജ്ഞാനികമായി പിന്തുണക്കുകയും, പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ആദിവാസികളുൾപ്പെടെ വലിയൊരു ജനതയെ പരിസ്ഥിതിയെപ്പറ്റി ബോധവാന്മാരാക്കുകയും അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന പ്രതിഷേധ സ്വരമാവുകയും ചെയ്തതിനാണ് പുരസ്കാരം.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ കേരളത്തിന്റെ സുസ്ഥിര വികസനം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റുമായി ചേർന്ന് നടത്തിയ കോ എർത്ത് കോൺക്ലേവിൽ രാജ്യത്തെ മുൻ നിര വാസ്തുശിൽപികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ എം.കെ രാഘവൻ എം.പി ഖമറുദ്ദീൻ കുഞ്ഞിന്റെ മകന് പുരസ്കാരം കൈമാറി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു.