Sorry, you need to enable JavaScript to visit this website.

ഉന്നാവില്‍ യു.പി മന്ത്രിമാര്‍ക്കും എം.പിക്കുമെതിരെ ജനങ്ങളുടെ പ്രതിഷേധം

ഉന്നാവ്- ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉന്നാവിലെ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാര്‍ക്കും എം.പിക്കുമെതിരെ ജനങ്ങളുടെ പ്രതിഷേധം. കാബിനറ്റ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍ എന്നിവര്‍ക്കും ബി.ജെ.പി എം.പി സാക്ഷി മഹാരാജിനുമാണ് ജനങ്ങളുടെ രോഷപ്രകടനം നേരിടേണ്ടിവന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്‍.എസ.്‌യു.ഐ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയശേഷമാണ് മന്ത്രിമാരുടെയും എം.പിയുടെയും വാഹനത്തിന് ഗ്രാമത്തില്‍ പ്രവേശിക്കാനായത്.
ഗുരുതരമായി പൊള്ളലേറ്റ് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 23 കാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് മന്ത്രിമാര്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ യോഗി ആദിത്യനാഥ് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും കേസിന്റെ വിചാരണക്ക് അതിവേഗ കോടതി സ്ഥാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ യുവതിയുടെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താന്‍ തയാറാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞു. അക്രമികളില്‍ ഒരാളെപ്പോലും വെറുതെ വിടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഉന്നാവിന് ചീത്തപ്പേരുണ്ടാക്കിയെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. യുവതിയുടെ കുടുംബത്തിനൊപ്പമാണ് ബി.ജെ.പി നീതിക്കുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. യു.പിയിലെ ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും കുറ്റപ്പെടുത്തി.

 

 

Latest News