ദുബായ്- യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിനായി നടത്തിയ അന്വേഷണത്തില്‍ ചുരുങ്ങിയത് 10 ഫൈനലിസ്റ്റുകളെങ്കിലുമുണ്ടാകുമെന്ന് സൂചന. ഇവരില്‍നിന്നാവും അന്തിമമായി രണ്ട് പേരെ തെരഞ്ഞെടുക്കുക. ഒരാള്‍ക്കാവും അന്തിമ അവസരം. മറ്റൊരാള്‍ റിസര്‍വ് ആയിരിക്കും.
രണ്ടാമത്തെ ദൗത്യത്തിനായുള്ള ബഹിരാകാശയാത്രികരുടെ കൃത്യമായ എണ്ണം പിന്നീട് വെളിപ്പെടുത്തുമെന്ന് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായ സാലിം അല്‍ മാരി പറഞ്ഞു.
ബഹിരാകാശ പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിനായുള്ള ആഹ്വാനം വെള്ളിയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. രജിസ്‌ട്രേഷന്റെ അവസാന തീയതി 2020 ജനുവരി 19 ആണ്.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) എട്ട് ദിവസത്തെ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഹസ്സ അല്‍ മന്‍സൂരി തിരികെയെത്തിയ ഉടന്‍ രണ്ടാമത്തെ പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. 2017 ല്‍ ആദ്യത്തെ ബഹിരാകാശ യാത്രക്ക് വേണ്ടി 4,022 അപേക്ഷകരാണുണ്ടായിരുന്നത്.
വിവിധ പരിശോധനകള്‍, ചോദ്യാവലികള്‍, ഉപന്യാസങ്ങള്‍, പാനലുകളുടെ രണ്ട് മുഖാമുഖ അഭിമുഖങ്ങള്‍ എന്നിവയിലൂടെയാണ് അവസാനത്തെയാളിലേക്ക് എത്തുക. 18 വയസ്സിന് മുകളിലുള്ളവരും യൂണിവേഴ്‌സിറ്റി ബിരുദം നേടിയവരുമായ ഇമാറാത്തികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.