ലഖ്‌നൗ- ഉന്നാവില്‍ പീഡനത്തിനിരയായ യുവതിയെ പ്രതികള്‍ തീയിട്ടു കൊന്നകേസും ബലാത്സംഗക്കേസും വിചാരണ നടത്തുന്നതിന് അതിവേഗ കോടതി രൂപീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുരുതരമായി പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രി മരിച്ചതോടെ യുപിയില്‍ പ്രതിഷേധം ശക്തമായി. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പു സെക്രട്ടറിയും ഡിജിപിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നിയമസഭാ മന്ദിരത്തിനു മുന്നില്‍ ധര്‍ണയാരംഭിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിജെപി സര്‍ക്കാരിനു കീഴില്‍ ഇത് ആദ്യ സംഭവമല്ലെന്നും ഇന്ന് കരിദിനമാണെന്നും അഖിലേഷ് പറഞ്ഞു. ഉന്നാവോ പീഡനക്കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലും നാളെ ശോക സഭകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതോടെ പ്രതികള്‍ക്കെതിരെ വധശിക്ഷയ്ക്കുള്ള ഐപിസി വകുപ്പു കൂടി ചേര്‍ത്ത് പോലീസ് കേസ് പുതുക്കി. ഐപിസി 302ാം വകുപ്പാണ് പുതുതായി ചുമത്തിയത്.