ന്യൂദൽഹി- ഉന്നാവിൽ യുവതിയെ തീയിട്ട് കൊന്ന കേസിലെ പ്രതികളെയും വെടിവെച്ചുകൊല്ലണമെന്ന് യുവതിയുടെ അച്ഛൻ. മകളെ ബലാത്സംഗത്തിന് ഇരയാക്കുകയും പിന്നീട് തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും ഹൈദരാബാദിൽ ചെയ്ത പോലെ വെടിവെച്ചുകൊല്ലണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ഉന്നാവിലെ പെൺകുട്ടി ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യുവതിയെ കോടതിയിലേക്ക് പോകുന്നതിനിടെ പ്രതികൾ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയത്.
ഈ കേസിലെ പ്രതികളെയും വെടിവെച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞാൻ അത്യാഗ്രഹിയല്ല. എനിക്ക് വീട് നിർമ്മിച്ചു തരേണ്ടതില്ല. എനിക്ക് വേറെയൊന്നും ആവശ്യവുമില്ല-അച്ഛൻ പറഞ്ഞു. എന്റെ മകൾ റായ്ബറേലിയിലേക്ക് ട്രെയിനിൽ കയറാൻ ഒറ്റയ്ക്ക് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹോദരിയുടെ കൊലപ്പെടുത്തിയ അഞ്ചു പേരെയും തൂക്കിലേറ്റണമെന്ന് യുവതിയുടെ സഹോദരനും ആവശ്യപ്പെട്ടു.