ന്യൂദല്‍ഹി- ബ്രിട്ടീഷ് പാരമ്പര്യമുള്ള ചൈനീസ് കാര്‍ നിര്‍മാതാക്കളായ എംജി (മോറിസ് ഗാരേജസ്) ഏറെ കൊട്ടിഘോഷിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച പ്രീമിയം എസ്‌യുവി ആണ് ഹെക്ടര്‍. ആദ്യ വരവില്‍ തന്നെ ഫീച്ചറുകള്‍ കൊണ്ട് വിപണിയെ ഞെട്ടിച്ച എംജിക്ക് പക്ഷെ സമൂഹ മാധ്യമങ്ങളില്‍ മോശം പേരാണ്. വഴിയില്‍ കിടക്കുന്ന ഹെക്ടറിന്റെയും ഈ വണ്ടി മുടക്കിയ യാത്രകളുടേയും കഥകളാണ് നിറയെ. ഇതിനൊരു പൂട്ടിടാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.
നാലു ദിവസം മുമ്പ് യുട്യൂബില്‍ ഒരു വിഡിയോ പ്രത്യക്ഷപ്പെടുകയും ഇതു വൈറലാകുകയും ചെയ്തതോടെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് കമ്പനി. എംജി ഹെക്ടറിനെ ഒരു കഴുതയെ ഉപയോഗിച്ച് കെട്ടിവലിക്കുന്നതാണ് വിഡിയോ. കഴുത വണ്ടി എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതിയ പോസ്റ്ററും കാറിനു മുമ്പിലുണ്ട്. ഇതൊരു മൃഗമാണെന്നും എഴുതിയിരിക്കുന്നു. മൂന്നു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. ഉദയ്പൂരില്‍ നിന്നുള്ള വിശാല്‍ പഞ്ചോളി എന്ന ഉപഭോക്താവിന്റെ ദുരനുഭവമാണ് വിഡിയോയില്‍ പറയുന്നത്. വിശാലിന്റെ ഹെക്ടറിന് ക്ലച്ചില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇതു കമ്പനിയെ അറിയിച്ചപ്പോള്‍ പരിഹരിച്ചു തരാന്‍ തയാറാലില്ലെന്നു മാത്രമല്ല, തന്നെ ഭീഷണിപ്പെടുത്തിയെന്നും വിശാല്‍ ആരോപിക്കുന്നു.
ഈ അപകീര്‍ത്തി പ്രചാരണം തടയാന്‍ ഉപഭോക്താവിനെതിരെ നടപടികളാരംഭിച്ചിട്ടുണ്ടെന്ന് എംജി അറിയിക്കുന്നു. ഉപഭോക്താവിന് പ്രഥമ പരിഗണന നല്‍കുക എന്നതാണ് കമ്പനിയുടെ നയം. പ്രശനം പരിഹരിച്ച് ഉപഭോക്താവിന് പരാമവധി സംതൃപ്തു ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടും നിക്ഷിപത താല്‍പര്യവുമായി ഉപഭോക്താവ് കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇതു തുടരുന്ന പശ്ചാത്തലത്തില്‍ തടയാന്‍ ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.