ന്യൂദല്‍ഹി- അവിഹിത ബന്ധം സംശയിച്ച മുന്‍ അധ്യാപകനായ 64കാരന്‍ സ്വന്തം ഭാര്യയേയും മരുമകളേയും വീട്ടിനകത്ത് കിടപ്പുമുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. ദല്‍ഹിയിലെ രോഹിണിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണസംഭവം. സ്‌നേഹലത ചൗധരി (62), പ്രജ്ഞ ചൗധരി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി സതീഷ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രജ്ഞ വഴിമധ്യേ വച്ചും സ്‌നേഹലത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരണപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസാണ് കൊല്ല്‌പ്പെട്ട പ്രജ്ഞ.
സ്‌നേഹലതയും മകന്റെ ഭാര്യ പ്രജ്ഞയും ഒരേ മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. പ്രജ്ഞയുടെ ഒന്നും നാലും വയസ്സുള്ള രണ്ടു കുട്ടികളും ഉറങ്ങിയിരുന്നത് ഇതേ മുറിയിലായിരുന്നു. പുലര്‍ച്ചെയോട് ഈ മുറിയിലെത്തിയ സതീഷ് അടുക്കള കത്തി ഉപയോഗിച്ച് സ്‌നേഹലതയേയും പ്രജ്ഞയേയും തുരുതുരെ കുത്തുകയായിരുന്നു. അടിവയറ്റില്‍ കുത്തേറ്റ സ്‌നേഹലത ഇറങ്ങിയോടി മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്‍ സൗരഭിനെ വിളിച്ചുണര്‍ത്തി. സൗരഭിന്റെ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സൗരഭ് ഓടിയെത്തി അച്ഛനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സൗരഭിനേയും അച്ഛന്‍ ആക്രമിച്ചു. പരിക്കേറ്റെങ്കിലും സൗരഭ് ആക്രമണത്തിനിടെ സതീഷിനെ മുറിയിലിട്ട് പൂട്ടുകയും പോലീസിനു വിവരം നല്‍കുകയുമായിരുന്നു. ബഹളം കേട്ട് അയല്‍ക്കാരും ഓടിയെത്തിയിരുന്നു. 5.55 നാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ബംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സൗരഭ് രണ്ടു ദിവസം മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്. സഹോദരനും പ്രജ്ഞയുടെ ഭര്‍ത്താവുമായ ഗൗരവ് സിംഗപൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. സംഭവമറിഞ്ഞ് ഗൗരവ് നാട്ടിലെത്തി.
തന്റെ ശല്യം കാരണം കുടുംബം ഗുഡ്ഗാവിലേക്ക് താമസം മാറ്റാനുള്ള ആലോചനയിലായിരുന്നുവെന്ന് സതീഷ് പോലീസിനോട് പറഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കും അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച താന്‍ അവരോട് മിണ്ടാറില്ലായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.