റിയാദ്- വിദേശികൾ കൂട്ടത്തോടെ രാജ്യം വിടുന്ന പക്ഷം തൊഴിൽ മേഖലകളിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ ഉചിതമായ സൗദിവൽക്കരണ അനുപാതം തീരുമാനിക്കാൻ ഉന്നതാധികൃതർ തൊഴിൽ മന്ത്രാലയത്തോട് നിർദേശിച്ചു. കൂടുതൽ വിദേശികൾ ഒഴിഞ്ഞുപോകുന്ന മേഖലകളിൽ സൗദിവത്കരണ തോതിൽ മാറ്റം വരുത്താനാണ് നീക്കം. സൗദികൾ ഇല്ലാത്തതോ കുറവോ ആയ തൊഴിൽ മേഖലകൾ പ്രത്യേകം നിർണയിക്കാനും ആവശ്യപ്പെട്ടു. ഇക്കാര്യം 60 ദിവസത്തിനകം നിർണയിക്കണമെന്നാണ് നിർദേശം.
ഏതൊക്കെ തൊഴിലുകളിലാണ് സൗദികൾ കുറവുള്ളത് എന്ന കാര്യം കണ്ടെത്താനും ഈ മേഖലകളിൽ ഉചിതമായ സൗദിവൽക്കരണ അനുപാതം നിർണയിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം തൊഴിൽ മേഖലകളിൽ തൊഴിൽ സുരക്ഷ യാഥാർഥ്യമാക്കാനും സൗദികൾക്ക് തൊഴിൽ പരിശീലന പദ്ധതികൾ നടപ്പാക്കാനും ഇത്തരം പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
ചില തൊഴിൽ മേഖലകളിലും ചില പ്രവിശ്യകളിലെ പ്രത്യേക തൊഴിൽ മേഖലകളിലും സൗദിവൽക്കരണം കുറഞ്ഞ മേഖല കണ്ടെത്തി നിർണയിച്ച് ഈ തൊഴിലുകൾ നിർവഹിക്കാൻ സ്വദേശികളെ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രത്യേക തൊഴിൽ മേഖലകളിൽ വിദേശികളെ എത്രമാത്രം ആശ്രയിക്കുന്നുണ്ട്, തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി രാജ്യത്തെ വിദ്യാഭ്യാസ, തൊഴിൽ പരിശീലന സ്ഥാപനങ്ങളിലെ കോഴ്സുകൾ ഒത്തുപോകുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ച് പ്രത്യേക തൊഴിൽ മേഖല സുരക്ഷിതമാണോ അതല്ല, തൊഴിൽ സുരക്ഷക്ക് ഭീഷണിയുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
സൗദികൾ തീരെ കുറവായ തൊഴിൽ മേഖലകൾ നിർണയിക്കുന്നതിനും ഈ മേഖലകളിൽ മിനിമം സൗദി ജീവനക്കാരെ ലഭ്യമാക്കി തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും സ്വകാര്യ മേഖലയുമായി ഏകോപനം നടത്തി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം നടപടികളെടുത്തിരുന്നു. സൗദികളെ തീരെ കിട്ടാനില്ലാത്ത പതിനേഴു തൊഴിലുകൾ അടങ്ങിയ പട്ടിക സ്വകാര്യ മേഖലാ കമ്പനികൾ തയാറാക്കി സൗദി കൗൺസിൽ ഓഫ് ചേംബേഴ്സ് വഴി നേരത്തെ തൊഴിൽ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.
മുടിവെട്ട്, കശാപ്പ്, പാദരക്ഷ വിൽപന, തുകൽ ഊറക്കിടൽ, ക്ലീനിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ, പെയിന്റിംഗ്, മെക്കാനിക്ക്, കാർ റിപ്പയറിംഗ്, കൃഷി ജോലികൾ, എയർ കണ്ടീഷനർ റിപ്പയറിംഗ്, വെൽഡിംഗ്, ഹെവി എക്വിപ്മെന്റ്-ലോറി ഡ്രൈവിംഗ്, കെട്ടിട നിർമാണം, റോഡ് പണി, കാർഗോ, വസ്ത്രം അലക്കൽ-ഇസ്തിരിയിടൽ, കാർ വാഷിംഗ് സർവീസ്, മലിനജലം, ജെന്റ്സ് ടൈലറിംഗ്-എംബ്രോയിഡറി എന്നീ തൊഴിൽ മേഖലകളാണ് സൗദികളെ തീരെ കിട്ടാനില്ലാത്തതോ സ്വദേശികൾ വിരളമോ ആയ, സൗദിവൽക്കരണം ഉയർത്തേണ്ട ആവശ്യമുള്ള തൊഴിലുകളായി കണക്കാക്കപ്പെടുന്നത്.