മോസ്‌കോ-ആശുപത്രിയിലെ മറ്റേണിറ്റി വിഭാഗത്തില്‍ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് വിറ്റ സ്ത്രീക്ക് ഏഴ് വര്‍ഷം ജയില്‍ശിക്ഷ. കസാക്കിസ്ഥാനിലെ മറ്റേണിറ്റി ആശുപത്രിയില്‍ നിന്നാണ് 22കാരിയായ അസേല്‍ സാപനോവ കുഞ്ഞിനെ കവര്‍ന്നത്. അമ്മ അരികില്‍ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ സ്‌പോര്‍ട്‌സ് ബാഗില്‍ ഇട്ട് അസേല്‍ കടന്നത്.
ബാഗുമായി പോകുന്ന അസേലിന്റെ പ്രവൃത്തിയില്‍ സംശയം തോന്നാതിരുന്നതിനാല്‍ ജീവനക്കാര്‍ പരിശോധിച്ചുമില്ല. ബാഗുമായി വേഗത്തില്‍ നടന്നുപോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ക്യാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയതോടെയാണ് കുട്ടി ഒറ്റയ്ക്കായത്. കെയര്‍ ജീവനക്കാരി ഫോണില്‍ ശ്രദ്ധിച്ച് ഇരുന്ന സമയത്താണ് കുഞ്ഞിനെ തട്ടിയെടുത്തത്.
കെയറര്‍ തിരിച്ചെത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് ശ്രദ്ധിച്ച് പോലീസില്‍ വിവരം നല്‍കിയത്. ഓഫീസര്‍മാര്‍ ഉടനടി ക്യാമറകള്‍ പരിശോധിച്ചതോടെ അസേല്‍ അടുത്തുള്ള ഹോട്ടലിലേക്ക് പോയതായി തിരിച്ചറിഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞിന്റെ കച്ചവടം ഉറപ്പിക്കവെയാണ് പോലീസ് ഇവരെ കൈയോടെ പിടികൂടിയത്. 1576 പൗണ്ടിനാണ് (ഏകദേശം 1.40 ലക്ഷം രൂപ) സ്ത്രീ കുഞ്ഞിനെ വിറ്റത്.
രണ്ട് മണിക്കൂര്‍ കൊണ്ട് തട്ടിക്കൊണ്ടുപോകലും, കുഞ്ഞിനെ കണ്ടെത്തലും അവസാനിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ വിഷയം അവസാനിച്ചു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു.