പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗ ​ണനയിലെന്ന് അമിത് ഷാ

ലഖ്‌നോ- ഒടുവില്‍ പശുവിന്‍റെ കാര്യങ്ങള്‍ നോക്കാനും ഒരു മന്ത്രാലയം തുടങ്ങുന്ന കാര്യം നരേന്ദ്ര മോഡി സര്‍ക്കാര്‍ ആലോചിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പശുവിന് ഒരു പ്രത്യേക മന്ത്രാലയം തന്നെ വേണമെന്ന് പലയിടത്തു നിന്നും നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഉത്തര പ്രദേശില്‍ മൂന്നു ദിവസത്തെ പര്യടനത്തിനിടെ അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഷായുടെ കൂടെയുണ്ടായിരുന്നു. 

ഗോ രക്ഷാ പ്രചാരണ രംഗത്ത് സജീവമായ ആദിത്യനാഥാണ് പശു മന്ത്രാലയമെന്ന നിര്‍ദേശം 2014-ല്‍ ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ആദിത്യ നാഥിന്‍റെ ദിവസം തുടങ്ങുന്നതു തന്നെ പശുവിന് തീറ്റ കൊടുത്തു കൊണ്ടാണ്. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനാണ് ആദ്യമായി പശു ക്ഷേമത്തിന് ഒരു മന്ത്രിയെ നിയോഗിച്ച സംസ്ഥാനം.

2014-ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം നിരവധി മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോ സംരക്ഷകരുടെ വേഷമിട്ടയാളുകളുടെ ആവശ്യം പരിഗണിച്ച് പശു മന്ത്രാലയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോ എന്നും മാധ്യമങ്ങള്‍ ഷായോട് ചോദിച്ചിരുന്നു.

Latest News