ന്യൂദൽഹി- യു.പിയിലെ ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകുന്നതിനിടെ കേസിലെ പ്രതികൾ തട്ടിക്കൊണ്ടുപോയി തീക്കൊളുത്തുകയായിരുന്നു. പ്രതികളിൽനിന്ന് രക്ഷപ്പെട്ട് ദേഹമാസകലം കത്തുന്ന തീയുമായി യുവതി ഒരു കിലോമീറ്ററോളം ദൂരം റോഡിലൂടെ ഓടി. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ പിന്നീട് ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു പേരടങ്ങുന്ന സംഘമാണ് യുവതിയെ തീക്കൊളുത്തിയത്. ഇവരിൽ രണ്ടു പേർ യുവതിയെ നേരത്തെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. മണ്ണെണ്ണ ദേഹത്ത് ഒഴിച്ചാണ് യുവതിയെ പ്രതികൾ തീക്കൊളുത്തിയത്. പോലീസ് എത്തിയാണ് യുവതിയെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വൈകിട്ട് വിമാനത്തിൽ ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹമാസകലം തീപ്പിടിച്ച നിലയിൽ പെൺകുട്ടി തങ്ങളുടെ നേരെ ഓടി വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഞങ്ങളുടെ അടുത്ത് എത്തുന്നതിന് മുമ്പ് ഏകദേശം ഒരു കിലോമീറ്ററോളം ദൂരം പെൺകുട്ടി ഇതേ അവസ്ഥയിൽ ഓടി വരികയായിരുന്നുവെന്നും ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടി രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകിയത്. ഉന്നാവിൽ യുവതിയുടെ അച്ഛന്റെ ഗ്രാമത്തിലായിരുന്നു പീഡനം. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമികൾ വീഡിയോയിൽ പകർത്തിയിരുന്നുവെന്നും പെൺകുട്ടി പരാതി നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. തന്റെ മുൻ ആൺസുഹൃത്ത് അയാളുടെ സുഹൃത്തിനൊപ്പം ചേർന്നാണ് പീഡിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. ഈ കേസിലെ പ്രതിയെ കഴിഞ്ഞ മാസം 30 നാണ് ജാമ്യത്തിൽ വിട്ടത്. ഈ കേസിന്റെ വിചാരണക്കായി കോടതിയിൽ ഹാജരാകാൻ വീട്ടിൽനിന്ന് പോകുന്നതിനിടെയാണ് യുവതിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. തീക്കൊളുത്തിയ അഞ്ചു പേരെയും പിടികൂടിയതായി പോലീസ് അറിയിച്ചു.
തെലങ്കാനയിൽ മൃഗഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് യു.പിയിൽ നിന്ന് പുതിയ സംഭവമുണ്ടായത്. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ നടപടി പ്രസ്താവനയുമായി യോഗി ആദിത്യനാഥ് സർക്കാർ രംഗത്തെത്തി. യുവതിയെ രക്ഷിക്കുന്നതിനാണ് ആദ്യ ശ്രമമെന്നും അക്രമികൾക്ക് പരമാവധി ശിക്ഷ നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കള്ളം പ്രചരിപ്പിക്കുന്ന രീതി യു.പി സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യു.പിയിൽ ക്രമസമാധാന പാലനം ഉയർന്ന നിലയിലാണെന്ന തരത്തിലുള്ള കള്ളമാണ് യു.പി പോലീസ് പറയുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
അതിനിടെ, ബംഗാളിലെ മാൾഡയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ഇംഗ്ലീഷ് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപതു വയസ്സ് തോന്നിക്കുന്ന മൃതദേഹത്തിൽ നിരവധി പരിക്കുകളേറ്റ പാടുകളുണ്ട്.