Sorry, you need to enable JavaScript to visit this website.

അമിത് ഷാ ഉറപ്പുനല്‍കി; ചെമ്പരിക്ക ഖാസിയുടെ മരണം സി.ബി.ഐ വീണ്ടും അന്വേഷിക്കും

കാസര്‍കോട്- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മുസ്ലിയാരുടെ ദൂരൂഹ മരണത്തെപ്പറ്റി സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കാസര്‍കോട് എം.പി.രാജ്മോഹന്‍ ഉണ്ണിത്താന് ഉറപ്പു നല്‍കി.
കേരളത്തിലെ 19 എം.പിമാരുടെയും ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉറപ്പ് നല്‍കിയയത്. ആഭ്യന്തര വകുപ്പ് മന്ത്രിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനോടൊപ്പമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചത്.

2010 ഫെബ്രുവരി 15 ന് രാവിലെ 6.50 നാണ് സി.എം.അബ്ദുല്ല മുസ്ലിയാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തു നിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐയും അതേറ്റുപിടിക്കുന്നു. സാത്വികനായ പണ്ഡിതന്‍, ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന പോലീസ് ഭാഷ്യം പരിഹാസ്യമാണ്.
കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും ഈ പോലീസ് ഭാഷ്യം തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിലാണ്. ആദ്യം അന്വേഷിച്ച ബേക്കല്‍ പോലീസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരുന്നു.

മുസ്‌ലിയാര്‍, കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സി.ജെ.എം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സി.ബി.ഐ യുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു.
ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വര്‍ഷമായി കാസര്‍കോട് നിവാസികള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരികയായിരുന്നു.

 

Latest News