Sorry, you need to enable JavaScript to visit this website.

ഉയിഗൂര്‍ മുസ്ലിംകളോട് ക്രൂരത തുടരുന്ന ചൈന അമേരിക്കയോട് വിലപേശുന്നു

ബെയ്ജിംഗ്/ വാഷിംഗ്ടണ്‍ - ഉയിഗൂര്‍ മുസ്‌ലിംകളോട് ചൈന കൈക്കൊള്ളുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുന്നത് ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ അടുത്തൊന്നും വിജയിക്കാനിടയില്ലെന്ന് ഉറപ്പായി.
യു.എസ് - ചൈന വ്യാപാര കരാറിന്റെ സാധ്യത മങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2020നുമുമ്പ് കരാര്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഉയ്ഗുര്‍ ബില്‍ യു.എസ് പ്രതിനിധി സഭ പാസാക്കിയതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. ബില്‍ സെനറ്റ് കൂടി പാസാക്കിയശേഷമേ പ്രസിഡന്റിന്റെ അംഗീകാരത്തിനായി വൈറ്റ് ഹൗസില്‍ എത്തൂ എങ്കിലും അമേരിക്കയുടെ നീക്കം ചൈനീസ് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിരവധി അഭിപ്രായ വ്യത്യാസങ്ങളോടെ രൂപം നല്‍കിയ വ്യാപാര കരാറിന്റെ മുന്നോട്ടുള്ള നീക്കം പ്രതിസന്ധിയിലാക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് ബെയ്ജിംഗ് സര്‍ക്കാരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് രണ്ടാഴ്ചക്കുശേഷം അമേരിക്ക കൂടുതല്‍ ചുങ്കം ചുമത്തുക കൂടി ചെയ്യുമ്പോള്‍ ബന്ധം ഇനിയും വഷളാവുകയേ ഉള്ളു. അമേരിക്ക ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കം നടത്തുമ്പോള്‍ ഞങ്ങള്‍ ഒന്നും ചെയ്യാതിരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത് എന്നായിരുന്നു ഇതേക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുങ്യിംഗ് പറഞ്ഞത്. തെറ്റായ ഓരോ വാക്കിനും പ്രവര്‍ത്തിക്കും ഉചിതമായ വില കൊടുക്കേണ്ടിവരുമെന്നും വക്താവ് തുടര്‍ന്നു.

 

 

Latest News