ഭോപാല്‍- പരസ്യം കണ്ട് ഷേവിംഗ് ക്രീം ഉപയോഗിച്ച് മുറിവേറ്റ ഉപഭോക്താവിന്‍റെ പരാതിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെ കോടതി നോട്ടീസ്. മികച്ച ഷേവിംഗ് ക്രീമെന്ന അവകാശവാദവുമായി പരസ്യത്തിലൂടെ ഷാരൂഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന പരാതിയുമായി ഭോപാല്‍ സ്വദേശി രാജ്കുമാര്‍ പാണ്ഡെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഈ പരസ്യം കണ്ട് വാങ്ങിയ ഷേവിംഗ് ക്രീം ഉപയോഗിച്ചപ്പോള്‍ മുഖത്ത് തിണര്‍പ്പുകള്‍ ഉണ്ടായതായി പരാതിയില്‍ പാണ്ഡെ പറയുന്നു. ചികില്‍സ തേടി ആശുപത്രിയില്‍ പോകേണ്ടി വന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു.
പരാതിയില്‍ വാദം കേട്ട കോടതി മറുപടി തേടി ഷാരൂഖിനു പുറമെ കമ്പനി ഉടമ, വില്‍പ്പന നടത്തിയ ഷോപ്പുടമ, മധ്യപ്രദേശ് ഫൂഡ് ആന്‍റ് ഡ്രഗ്‌സ് വകുപ്പ് മേധാവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഈ ഷേവിംഗ് ക്രീം ഫൂഡ് ആന്‍റ് ഡ്രഗ്‌സ് വകുപ്പിന്റെ ലാഭില്‍ പരിശോധിച്ചപ്പോള്‍ ഗുണമേന്മയില്ലാത്തതാണെന്ന് കണ്ടെത്തിയതായും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. വി ജോണ്‍ ഷേവിംഗ് ക്രീമിന്‍റെ പരസ്യത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്.