ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ ബലാല്‍ത്സംഗത്തിനിരയായ 23കാരി യുവതിയെ കോടതിയിലേക്കു പോകും വഴി പ്രതികളില്‍ ഒരാളും സംഘവും ചേര്‍ന്ന് തടഞ്ഞ് തീയിട്ടു കൊല്ലാന്‍ ശ്രമിച്ചു. ഗുരതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മാര്‍ച്ചില്‍ യുവതി രണ്ടു പേര്‍ക്കെതിരെ നല്‍കിയ പീഡനക്കേസില്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ നടക്കുകയാണ്. ഇതിനായി വ്യാഴാഴ്ച രാവിലെ കോടതിയിലേക്കു പോകും വഴിയാണ് കേസിലെ രണ്ടു പ്രതികളും മറ്റു മൂന്ന് പേരും ചേര്‍ന്ന് യുവതിയെ തടഞ്ഞ് നിര്‍ത്തി വഴിയിലിട്ട് ആക്രമിച്ച് തീയിട്ടത്. പീഡനക്കേസില്‍ ഒരു പ്രതി മുങ്ങി നടക്കുകയായിരുന്നു. മറ്റൊരാള്‍ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. യുവതിക്ക് 70 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ആശുപത്രിയിലാണിപ്പോള്‍. ആക്രമിച്ച പ്രതികളുടെ പേരുവിവരം യുവതി നല്‍കിയിട്ടുണ്ടെന്നും പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീടിനടുത്ത രണ്ടു യുവാക്കള്‍ ഉന്നാവില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്ത് രംഗം വിഡിയോ പകര്‍ത്തിയെന്ന് മാര്‍ച്ചിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കോടതി ഇടപെട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മറ്റൊരു പ്രതി മുങ്ങിനടക്കുകയാണ്. ഇയാളുടെ വസ്തുവകകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.