ന്യൂദല്‍ഹി- വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ വാഹന രജിസ്‌ട്രേഷനുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, പുതുക്കല്‍ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഉടമയുടെ മൊബൈല്‍ നമ്പര്‍ വാഹന്‍ ഡേറ്റാബേസുമായി നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്ന ചട്ടം 2020 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാക്കാനാണു നീക്കം. ഇതു സംബന്ധിച്ച കരടു വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം ബുധനാഴ്ച ഇറക്കി. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം സമര്‍പ്പിക്കാം.
പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമമായ വ്യക്തിഗത വിവര സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ ദിവസം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ നമ്പറുകള്‍ വാഹനങ്ങളുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി നിര്‍ദേശമിറക്കിയിരിക്കുന്നത്. വാഹന രജിസ്റ്റ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഡ്രൈവര്‍ ലൈസന്‍സ് തുടങ്ങിയ നല്‍കുന്നതിനാണ് ഗതാഗത മന്ത്രാലയം മൊബൈല്‍ നമ്പര്‍ വിവരങ്ങള്‍ വാങ്ങിസൂക്ഷിക്കുന്നത്. നിലവില്‍ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഒന്നിനും ഉടമയുടെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമല്ല. രജസിട്രേഷന്‍ സമയത്ത് ഓതന്റിക്കേഷനു വേണ്ടി ഒടിപി അയക്കാനാണ് മൊബൈല്‍ നമ്പര്‍ ആവശ്യമുള്ളത്. ഈ നമ്പര്‍ വാങ്ങി സൂക്ഷിക്കുകയോ രേഖകളുമായി ബന്ധിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ വാഹന്‍ ഡേറ്റാബേസുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കും- ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വാഹന്‍ ഡേറ്റബേസില്‍ വലിയൊരു ശതമാനം വാഹനങ്ങളുടെ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പറില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടം വരുന്നത്.