യു.എ.ഇയില്‍ ഞായറാഴ്ച വരെ മഴക്ക് സാധ്യത

അബുദാബി- യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു. ഇത് താപനിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
'വ്യാഴാഴ്ച മുതല്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിലും ദ്വീപുകളിലും വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഖോര്‍ഫുക്കാന്‍, ഹത്ത, ഉമ്മുല്‍ഖുവൈന് എന്നിവിടങ്ങളില്‍ പെയ്യും- ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (എന്‍.സി.എം) അലി അല്‍ മുസല്ല പറഞ്ഞു.
അടുത്ത ഞായറാഴ്ച വരെ യു.എ.ഇയുടെ കിഴക്ക്, വടക്കന്‍ പ്രദേശങ്ങളില്‍ സജീവമായ മേഘങ്ങള്‍ ഉണ്ടാകുമെന്ന് അല്‍ മുസല്ല പറഞ്ഞു.
ന്യൂനമര്‍ദ്ദം വായുവിനെ ഉയര്‍ത്തുകയും അത് തണുക്കുമ്പോള്‍ ഘനീഭവിച്ച് മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് മഴക്ക് കാരണമെന്നാണ് എന്‍.സി.എം പറയുന്നത്. കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ട്. ഏഴടി ഉയരത്തില്‍ വരെ തിരമാല എത്താം. വെള്ളിയാഴ്ച പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാത്രിയിലും പുലര്‍ച്ചെയും ഈര്‍പ്പമുള്ളതായിരിക്കും. പടിഞ്ഞാറോട്ട് മൂടല്‍മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 16-26 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.

 

Latest News