Sorry, you need to enable JavaScript to visit this website.

സർക്കാർ പരിപാടികളിൽനിന്ന് ഉണ്ണിത്താനെ മാറ്റിനിർത്തുന്നുവെന്ന് പരാതി

പയ്യന്നൂർ- നിയോജക മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽനിന്ന് സ്ഥലം എം.പിയായ രാജ്‌മോഹൻ ഉണ്ണിത്താനെ ബോധപൂർവം മാറ്റിനിർത്തുന്നുവെന്ന് ആക്ഷേപം. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് എം.പി.
ഏറ്റവുമൊടുവിൽ പയ്യന്നൂരിൽ സബ് ട്രഷറി കെട്ടിട ശിലാസ്ഥാപന ചടങ്ങിൽനിന്നാണ് ഉണ്ണിത്താനെ ഒഴിവാക്കിയത്. സാധാരണ നിലയിൽ കാസർകോട് മണ്ഡലത്തിൽ പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പരിപാടികൾക്ക് ഉണ്ണിത്താൻ എത്താറുണ്ടായിരുന്നു. ക്ലബ്ബുകളടക്കം ആസൂത്രണം ചെയ്യുന്ന പരിപാടികളിൽ എം.പി പങ്കെടുക്കാനെത്തുന്നത് വടക്കൻ ജില്ലകളിൽ പുതിയ അനുഭവമാണ്. മാത്രമല്ല, കിട്ടുന്ന വേദികളിലെല്ലാം ശക്തമായ നിലപാടോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതും ഉണ്ണിത്താന്റെ ശൈലിയാണ്. ഇവിടങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽപോലും ഉണ്ണിത്താന് ശ്രോതാക്കളും ഏറെയാണ്. ഇതാണ് ഇദ്ദേഹത്തെ മാറ്റിനിർത്താൻ കാരണമായി പറയുന്നത്.


നേരത്തെ, കണ്ണൂർ എം.എൽ.എയായിരുന്ന എ.പി അബ്ദുല്ലക്കുട്ടിക്കും സമാന അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന വിരോധത്താലായിരുന്നു ഈ നടപടി. സ്ഥലം എം.എൽ.എയെ ഒഴിവാക്കുന്നതിന് രണ്ട് മന്ത്രിമാരെ പങ്കെടുപ്പിക്കുക എന്ന തന്ത്രമായിരുന്നു അന്ന് സി.പി.എം സ്വീകരിച്ചിരുന്നത്. എം.എൽ.എയെ ആശംസ പ്രസംഗകൻ മാത്രമായി ഒതുക്കുന്നതിനെതിരെ അബ്ദുല്ലക്കുട്ടി പരിപാടി നടക്കുന്ന വേദിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.


സി.പി.എം നേതൃത്വത്തിന്റെ ഈ പ്രവണതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ് ആവശ്യപ്പെട്ടു. എം.പിയുടെ സാന്നിധ്യം തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് തടസമാകുമെന്ന് കണ്ട് മാറ്റിനിർത്തിയാൽ അത്തരം ഉദ്ഘാടന പരിപാടികൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ കോൺഗ്രസ് നിർബന്ധിതരാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി. അടുത്തിടെ നടന്ന പല പരിപാടികളിലും എം.പിയെ ഒഴിവാക്കിയതിൽ അദ്ദേഹം തന്നെ പരാതിപ്പെട്ടിരുന്നു. ഇതിനുശേഷവും അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന് കെ.ജയരാജ് പറഞ്ഞു.

Latest News