റായ്പൂര്‍- ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സേനയിലെ സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിച്ചു. സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ഉള്‍പ്പെടെ ആറു ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് മരിച്ച മലയാളി ജവാന്‍. മറ്റൊരു മലയാളി എസ്.ബി ഉല്ലാസിന് ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ മഹേന്ദ്ര സിങ്, ദല്‍ജിത് സിങ്, കോണ്‍സ്റ്റബ്ള്‍മാരായ സുര്‍ജിത് സര്‍ക്കാര്‍, ബിസ്വരൂപ് മാതോ എന്നിവരാണ് കൊല്ലപ്പെ്ട്ടത്. വെടിവച്ച ജവാന്‍ മസുദുല്‍ റഹ്മാനും കൊല്ലപ്പെട്ടു. ഇയാള്‍ ആത്മഹത്യ ചെയ്തതാണോ അതോ ആക്രമണം തടയുന്നതിനിടെ വെടിയേറ്റു മരിച്ചതാണോ എന്നും വ്യക്തമല്ല. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് നാരായണ്‍പൂരിലെ കദെനര്‍ ഐടിബിപി 45ാം ബറ്റാലിയന്‍ ക്യാംപില്‍ വെടിവെപ്പുണ്ടായത്.
ജവാന്‍മാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. എന്നാല്‍ എന്തിനു വേണ്ടിയായിരുന്നു തര്‍ക്കമെന്ന് വ്യക്തമല്ല. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. പരിക്കേറ്റ ജവാന്‍മാരെ ആശുപത്രിയിലേക്കു മാറ്റി.