ന്യൂദൽഹി- പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് രാജ്യത്ത് പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ, പാർസികൾ എന്നിങ്ങനെ ആറ് സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് പൗരത്വ (ഭേദഗതി) ബിൽ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്ക് ഇളവുകൾ നൽകുന്നതിലൂടെ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണ് ലക്ഷ്യം. ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. ഈ സമയത്ത് ബി.ജെ.പി എം.പിമാരോട് പാർലമെന്റിൽ ഹാജരാകണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാൽ തന്നെ ബിൽ മതേതര തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. അതേസമയം, പരിഗണനയിലുള്ള മൂന്ന് അയൽരാജ്യങ്ങളും അടിസ്ഥാനപരമായി ഇസ്്‌ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാൽ അമുസ്ലിംകളാണ് അവിടെ മതപരമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നതെന്നുമായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭ ഈ ബിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കാനായില്ല. തുടർന്ന് ബിൽ അസാധുവാകുകയായിരുന്നു.