ന്യൂദല്‍ഹി- യു.എ.ഇയുടെ 48 ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി.
'48ാമത് ദേശീയ ദിനം: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്' എന്ന് രേഖപ്പെടുത്തിയ കവറിന്റെ പിന്‍ഭാഗത്ത ഇന്ത്യ പോസ്റ്റിന്റെ ലോഗോയും പോസ്റ്റല്‍ അതോറിറ്റിയുടെ വിശദാംശങ്ങളും വിവരിച്ചിട്ടുണ്ട്.
പ്രത്യേക തപാല്‍ കവറും പോസ്റ്റ്മാര്‍ക്കും നല്‍കുന്നത് ഇന്ത്യയില്‍ അപൂര്‍വമായ അംഗീകാരമാണെന്നും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഇന്ത്യയിലെ ഫിലാറ്റലിസ്റ്റുകള്‍ പറഞ്ഞു.
48ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന് യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന താജ് പാലസില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ ഫിലാറ്റലി (തപാല്‍ സ്റ്റാമ്പ് ശേഖരണം) ഒരു പ്രമേയ വിഷയമായിരുന്നു.
സ്വീകരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വേദിയില്‍ ഫിലാറ്റലിക് എക്‌സിബിഷന്‍ ചുറ്റിക്കണ്ടു. യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നും അപൂര്‍വമായ സ്റ്റാമ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.