ലണ്ടന്‍- ആഡംബര കാറുകള്‍ മോഷ്ടിക്കുക, അവ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കി പണം സാമ്പാദിക്കുക. ഇന്ത്യക്കാരാനായ മോഷ്ടാവിനു 8 വര്‍ഷം ജയില്‍ശിക്ഷയും 13 ലക്ഷം പൗണ്ട് പിഴയും കോടതി വിധിച്ചു. 7 ലക്ഷം പൗണ്ടിലേറെ മൂല്യമുള്ള 19 മോഷ്ടിച്ച ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റെന്റ് എ കാര്‍ ബിസിനസ് നടത്തിവന്ന ഇന്ത്യന്‍ വംശജനായ 40 കാരന്‍ ചിരാഗ് പട്ടേലിനാണ് എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് പുറമെ 1,369,661.90 പൗണ്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കില്‍ പത്ത് വര്‍ഷത്തെ ശിക്ഷ കൂടി പട്ടേലിന് അനുഭവിക്കേണ്ടി വരും. ചിരാഗ് എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. ഇതിനിടെയാണ് പിഴ ശിക്ഷയ്ക്കും കോടതി ഉത്തരവിട്ടത്.
യുകെയിലെ പ്രൊസീഡ്‌സ് ഓഫ് ക്രൈം ആക്ട് പ്രകാരമാണ് ചിരാഗ് പട്ടേലില്‍ നിന്ന് പണം പിടിച്ചെടുക്കാന്‍ ക്രോയ്ഡണ്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടത്. പണം പിടിച്ചെടുക്കാനുള്ള ഉത്തരവിനെതിരെ ചിരാഗ് നിയമപോരാട്ടം നടത്തിയില്ല. വന്‍ മൂല്യമുള്ള കാറുകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് പോലീസ് നടത്തിയ സുദീര്‍ഘമായ അന്വേഷണമാണ് പട്ടേലിന് വീണയായത്.
2018 ഒക്ടോബറിലാണ് ചിരാഗ് പട്ടേലിനു ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതി എട്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. തന്റെ പോര്‍ഷെ മോഷ്ടിക്കപ്പെട്ടതായി ഇയാള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അന്വേഷിച്ച വന്ന പോലീസ് ക്രോയ്‌ഡോണിലെ ഇയാളുടെ വീട്ടിലെ ബേസ്‌മെന്റ് പാര്‍ക്കിംഗില്‍ ആഡംബര കാറുകളുടെ നീണ്ട നിരയാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിരാഗ് പട്ടേല്‍ മോഷ്ടിച്ച ആഡംബര കാറുകളുമായി റെന്റ എ കാര്‍ ബിസിനസ് നടത്തുന്നതായി തെളിഞ്ഞത്.
റേഞ്ച് റോവറുകളും, മെഴ്‌സിഡസും, പോര്‍ഷെ കെയിനും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടാളികള്‍ക്കും, സുഹൃത്തുക്കള്‍ക്കും വാടകയ്ക്ക് നല്‍കിവരുകയായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് മോഷ്ടിച്ച ഈ വാഹനങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റും, രജിസേ്‌ട്രേഷന്‍ രേഖകളും ഉപയോഗിച്ചാണ് പുറത്തിറക്കിയത്. അപകടത്തില്‍ പെട്ടതോ, എഴുതി തള്ളിയതോ ആയ വാഹനങ്ങളില്‍ നിന്നുള്ള രേഖകളാണ് ഇതിനായി ഉപയോഗിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സോളിഹള്ളിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്ലാന്റില്‍ നിന്ന് ഒന്‍പത് കാര്‍ താക്കോലുകള്‍ ഇയാള്‍ അടിച്ചുമാറ്റി.
2012 ഒക്ടോബറിനും 2015 ജനുവരിയ്ക്കും ഇടയില്‍ ലണ്ടനിലുടനീളം നിരവധി മോഷണങ്ങളില്‍ കാറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പട്ടേലിനോ കുടുംബത്തിന്റെയോ അവരുടെ കൂട്ടാളികളുടെയോ സ്വത്തുക്കളായി മോഷണമുതല്‍ സൂക്ഷിക്കുകയായിരുന്നു. 728,000 പൗണ്ട് മൂല്യമുള്ള വാഹനങ്ങളാണ് അനധികൃത റെന്റ എ കാര്‍ ബിസിനസിനായി പട്ടേല്‍ ഉപയോഗിച്ചത്.