മുംബൈ- ജസ്റ്റീസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരുക്കമാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ലോയയുടെ മരണത്തിലെ ദൂരൂഹതകൾ ഇപ്പോഴും തുടരുകയാണ്.
മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റതിന് പിന്നാലെ ലോയ കേസിൽ പുനരന്വേഷണമുണ്ടാകുമോ എന്ന കാര്യത്തിൽ വിവിധ കോണുകളിൽനിന്ന് ചോദ്യങ്ങളുണ്ടായിരുന്നു.
ലോയയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നാൽ അക്കാര്യം പരിഗണിക്കുമെന്ന് ശരദ് പവാർ വ്യക്തമാക്കി. 'ജസ്റ്റിസ് ലോയയുടെ മരണത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നതായി അറിയാമെന്നും എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തനിക്കില്ലെന്നും പവാർ വ്യക്തമാക്കി.
അത്തരത്തിൽ ഒരു അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിൽ തീർച്ചയായും അതിനെ കുറിച്ച് ചിന്തിക്കണം. അവർ ഏത് അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്, അതിൽ എന്താണ് സത്യം തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ, കേസിൽ വീണ്ടും അന്വേഷണം നടത്തണം. ഇല്ലെങ്കിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാർ പറഞ്ഞു.
സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസ് പരിഗണനയിലിരിക്കവേയാണ് 2014 ഡിസംബർ ഒന്നിന് ജഡ്ജ് ലോയ മരിച്ചത്. അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ കേസിലെ മുഖ്യ പ്രതിയായിരുന്നു.