Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൾഫ് ഉച്ചകോടി പത്തിന് റിയാദിൽ

  • സൃഷ്ടിപരമായ തീരുമാനങ്ങളുണ്ടാകും -ജി.സി.സി സെക്രട്ടറി ജനറൽ


റിയാദ് - അടുത്ത ഗൾഫ് ഉച്ചകോടി അടുത്ത ചൊവ്വാഴ്ച റിയാദിൽ നടക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. നാൽപതാമത് ഗൾഫ് ഉച്ചകോടിക്കു മുന്നോടിയായി ഈ മാസം ഒമ്പതിന് തിങ്കളാഴ്ച വിദേശ മന്ത്രിമാർ സന്നാഹ യോഗം ചേരും. രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ അംഗ രാജ്യങ്ങൾ തമ്മിൽ സഹകരണവും സംയോജനവും ശക്തമാക്കുന്നതിനുള്ള ഏതാനും സുപ്രധാന വിഷയങ്ങൾ ഉച്ചകോടിക്കിടെ നേതാക്കൾ വിശകലനം ചെയ്യും. 


മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയിൽ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യും. ഗൾഫ് ഐക്യവും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തമാക്കുന്ന സൃഷ്ടിപരമായ തീരുമാനങ്ങൾ ഉച്ചകോടിക്കിടെ കൈക്കൊള്ളുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. 


നാൽപതാമത് ഗൾഫ് ഉച്ചകോടി അബുദാബിയിൽ ചേരുന്നതിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജി.സി.സി ആസ്ഥാനത്തിന് ആതിഥ്യമരുളുന്ന സൗദിയിൽ ഉച്ചകോടി ചേരാൻ യു.എ.ഇ ആവശ്യപ്പെടുകയായിരുന്നു. മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടി കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് റിയാദിലാണ് നടന്നത്. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കേണ്ടിയിരുന്നത് ഒമാൻ ആയിരുന്നു. ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതിൽ നിന്ന് ഒമാൻ ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് സൗദി അറേബ്യ ആതിഥ്യം വഹിച്ചത്.


ഗൾഫ് ഉച്ചകോടി സംഘാടനവും അജണ്ടകളും അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി ഇന്നലെ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് സഹകരണ കൗൺസിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.

Latest News