റിയാദ് - ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഈ മേഖലയിലെ എട്ടു തൊഴിലുകൾക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഹെൽത്ത് ഡെന്റിസ്റ്റ്, ഓറൽ ആന്റ് ഡെന്റൽ സർജറി കൺസൾട്ടന്റ്, ജനറൽ ഹെൽത്ത് ഡെന്റൽ കൺസൾട്ടന്റ്, ഡെന്റൽ കൺസൾട്ടന്റ്, ഓർത്തോഡെന്റിക്സ് സ്പെഷ്യലിസ്റ്റ്, ഓറൽ ആന്റ് ഡെന്റൽ സർജറി സ്പെഷ്യലിസ്റ്റ്, ജനറൽ ഡെന്റിസ്റ്റ്, ഡെന്റിസ്റ്റ് എന്നീ എട്ടു വിഭാഗം തൊഴിലുകൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകം.
മെഡിക്കൽ സെന്ററുകൾ, മെഡിക്കൽ കമ്പനികൾ, ആശുപത്രികൾ, ഇൻഷുറൻസ് കമ്പനികൾ, മരുന്ന് കമ്പനികൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരും വിതരണക്കാരും, ഡെന്റൽ മെഡിസിൻ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരും വിതരണക്കാരും, മെഡിക്കൽ സപ്ലൈസ് കമ്പനികൾ എന്നിവ അടക്കം ദന്ത ഡോക്ടർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും സൗദിവൽക്കരണ തീരുമാനം ബാധകമാണ്. മൂന്നിൽ കുറവ് ഡെന്റൽ ഡോക്ടർമാരുള്ള സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ തീരുമാനം ബാധകമല്ല.
ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കുന്നത്. 2020 മാർച്ച് 25 മുതൽ 25 ശതമാനവും രണ്ടാം ഘട്ടത്തിൽ 2021 മാർച്ച് 14 മുതൽ 30 ശതമാനവും സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം. ഇത് സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ എല്ലാ നടപടികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വീകരിക്കും.
ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാൽറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം നടപ്പാക്കുന്നത്.