റിയാദ് - വിചാരണ തടവുകാരെയും പ്രതികളെയും ജയിലുകളിൽ നിന്ന് കോടതികളിലേക്കും തിരിച്ചും എത്തിക്കാൻ പ്രതിവർഷം 100 കോടി റിയാൽ ചെലവ് വരുന്നതായി നീതിന്യായ മന്ത്രാലയം പറഞ്ഞു. വിചാരണക്കായി പ്രതിദിനം ശരാശരി 200 ഓളം തടവുകാരെ വീതം ജയിൽ വകുപ്പ് കോടതികളിൽ എത്തിക്കുന്നുണ്ടെന്ന് ജയിൽ മന്ത്രാലയം വ്യക്തമാക്കി. വീഡിയോ കോൺഫറൻസ് സംവിധാനത്തിലുള്ള വിചാരണയെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ക്ലിപ്പിംഗിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ജയിലിൽനിന്ന് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ ഓരോ തടവുകാരനെയും ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു സുരക്ഷാ ഭടന്മാരും വീതം അനുഗമിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് തടവുകാരെ ജയിലുകളിൽ നിന്ന് കോടതികളിലും തിരിച്ചും എത്തിക്കുന്നത്. ഈ ബസുകൾക്ക് മുന്നിലും പിന്നിലും ഓരോ പട്രോൾ പോലീസ് വാഹനം വീതം അകമ്പടി സേവിക്കേണ്ടതുണ്ട്. കൈകളിൽ വിലങ്ങുകൾ വെച്ച് കോടതികളിൽ എത്തിക്കുന്നത് മറ്റുള്ളവർക്കു മുന്നിൽ തടവുകാർക്ക് മാനസിക പ്രയാസം സൃഷ്ടിക്കും. യാത്രയ്ക്കിടെ തടവുകാർ രക്ഷപ്പെടാതെ നോക്കലും അപകടമുണ്ടാകാതെ നോക്കലും സുരക്ഷാ വകുപ്പുകൾക്കും വലിയ ഉത്തരവാദിത്വമാണ്. റോഡുകളിലെ ഗതാഗതക്കുരുക്കൾ കാരണമായി നിശ്ചിത സമയത്ത് കോടതികളിൽ എത്തിക്കുന്നതിനും കാലതാമസം നേരിടുന്നു.
തടവുകാരെ കോടതികളിലും തിരിച്ചും എത്തിക്കുന്നതിനുള്ള അധ്വാനവും പണവും ലാഭിക്കുന്നതിന് ലക്ഷ്യമിട്ടാണ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലുള്ള വിചാരണ ആരംഭിച്ചത്. കോടതി മുറികളെ ബന്ധിപ്പിച്ച് ജയിലുകളിൽ ഉയർന്ന ഗുണമേന്മയുള്ള ഓഡിയോ, വീഡിയോ സാങ്കേതികവിദ്യകൾ അടങ്ങിയ മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിച്ച വിരലടയാള സംവിധാനം വഴി തടവുകാരന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏകാംഗ ബെഞ്ചുകൾ പരിശോധിക്കേണ്ട കേസുകളുടെ വിചാരണക്കാണ് വീഡിയോ കോൺഫറൻസ് സംവിധാനം പ്രയോജനപ്പെടുത്തുന്നത്. സൗദി കോടതികൾക്കു മുന്നിലെത്തുന്ന കൂടുതൽ കേസുകളും ഈ ഗണത്തിൽ പെട്ടവയാണ്.
തടവുകാർക്ക് നൽകുന്ന ജുഡീഷ്യൽ സേവനങ്ങൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായാണ് വീഡിയോ കോൺഫറൻസ് സാങ്കേതികവിദ്യയിലുള്ള വിചാരണ നീതിന്യായ മന്ത്രാലയം ആരംഭിച്ചത്.
തടവുകാർക്ക് എളുപ്പത്തിൽ ജുഡീഷ്യൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് തടവുകാരെ സഹായിക്കുന്നതിനും, തടവുകാരെ ജയിലുകളിൽനിന്ന് കോടതികളിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള ഭാരം ലഘൂകരിക്കുന്നതിനും, വിചാരണ തടവുകാരുടെയും പ്രതികളുടെയും സുരക്ഷാ നിലവാരം ഉയർത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നീതിന്യായ മന്ത്രാലയം പറഞ്ഞു.