മുംബൈ-രാജ്യത്തെ നടുക്കി, തെലങ്കാനയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ വനിതാ ഡോക്ടറുടെ പേര് ഒരു പോണ്‍ സൈറ്റിന്റെ ട്രെന്‍ഡുകളില്‍ ഒന്നാമതെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്ന് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റുകളിലൊന്നിന്റെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ പതിപ്പുകളില്‍ ഡോക്ടറുടെ പേര് വാരാന്ത്യത്തില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി കാണപ്പെട്ടു. ബലാത്സംഗക്കൊലയുടെ ഞെട്ടലില്‍ നിന്നും ഇപ്പോഴും വിമുക്തമായിട്ടില്ലാത്ത ആളുകളെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നതാണ് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പേര്. നൂറുകണക്കിനാളുകളാണ് ട്വിറ്ററില്‍ തിരെ പ്രകോപിതരായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വെബ്‌സൈറ്റ് ഇതുവരെ തയ്യാറായിട്ടില്ല.
തെലങ്കാനയിലെ ഷംഷാബാദില്‍ ബുധനാഴ്ച രാത്രി 26കാരിയായ മൃഗഡോക്ടറെ നാല് ലോറി തൊഴിലാളികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ വ്യാഴാഴ്ച രാവിലെയാണ് കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കേസില്‍ നാല് പേരെ സൈബറാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികള്‍. ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫ് (25) ആണ് കേസിലെ പ്രധാന പ്രതി. ഇതിനകം തന്നെ കുറ്റം സമ്മതിച്ച് വിചാരണ നേരിടാനിരിക്കുകയാണ് പ്രതികള്‍.