ജയ്പൂര്‍- രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ 17കാരിയായ മകളെ അച്ഛന്‍ സ്വന്തം വീട്ടിനകത്ത് ചങ്ങലയില്‍ ബന്ധിച്ച് ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം കണ്ടതിന്റെ പേരിലാണ് അച്ഛന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച് മുറിയില്‍ അടച്ചിട്ട് ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതൃസഹോദരനാണ് പോലീസിനെ വിവരമറിയിച്ചത്.
ദിവസങ്ങളോളം വീട്ടില്‍ ചങ്ങലയില്‍ പൂട്ടിയിച്ച പെണ്‍കുട്ടി വെള്ളിയാഴ്ച ഇവിടെ നിന്നും രക്ഷപ്പെട്ട് അമ്മാവന്റെ വീട്ടിലെത്തുകയായിരുന്നു. അമ്മാവനോട് പീഡനം വെളിപ്പെടുത്തി. ഇവിടെ എത്തുമ്പോഴും പെണ്‍കുട്ടിയുടെ കാലില്‍ ചങ്ങലയുണ്ടായിരുന്നു. ഏഴു വര്‍ഷം മുമ്പ് പിതാവിനെ ഉപേക്ഷിച്ചു പോയതാണ് അമ്മ. എങ്കിലും പിതാവിനൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അച്ഛന്‍ പിന്നീട് രണ്ടാം വിവാഹം കഴിച്ചിരുന്നു. ഇതിനിടെ കുടുംബത്തിലെ മറ്റൊരു സ്ത്രീയുമായി അച്ഛന് അവിഹിത ബന്ധമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തിയതാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഗിരിധര്‍ സിങ് അറിയിച്ചു.