ഹൈദരാബാദ് ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു മടങ്ങിയ ബിജെപി യുവ നേതാവ് പീഡനക്കേസില്‍ കുടുങ്ങി

ഹൈദരാബാദ്- ദേശവ്യാപക പ്രതിഷേധത്തിനിടയാക്കിയ ഹൈദരാബാദിലെ 26കാരി മൃഗഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നു ചുട്ടെരിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ മടങ്ങിയ ബിജെപി യുവ നേതാവും മുന്‍ എംഎല്‍എയുടെ മകനുമായ അശിഷ് ഗൗഡ് സ്ത്രീ പീഡനക്കേസില്‍ കുടുങ്ങി. ബലാത്സംഗത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ദിവസം തന്നെ ആശിഷ് ഒരു മുന്‍ റിയാലിറ്റിഷോ താരത്തെ പബില്‍ മാനഭംഗപ്പെടുത്തി എന്നാണ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മാധാപൂരിലെ ഒരു ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ സംഗീതം ആസ്വദിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന 27കാരി യുവതിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് ആശിഷിനെതിരായ പരാതി. ആശിഷും രണ്ടു സുഹൃത്തുക്കളും കയ്യില്‍ കയറിപ്പിടിക്കുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്‌തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് പോലീസ് ആശിഷിനെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി പീഡനത്തിന് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും കുറ്റാരോപിതര്‍ മുങ്ങിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ആശിഷ് രംഗത്തെത്തി. താന്‍ മോശമായി പെരുമാറിയെന്ന യുവതിയുടെ ആരോപണം തെറ്റാണണെന്നും ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്നും ആശിഷ് പറഞ്ഞു.
 

Latest News