ചെന്നൈ- മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷയില്‍ കഴിയുന്ന പ്രതികളായ നളിനി ശ്രീഹരനും മുരുഗനും ദയാവധത്തിന് അനുമതി തേടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ആവശ്യം ഉന്നയിച്ച് നവംബര്‍ 27നാണ് നളിനി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപിനും കത്തയച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് നളിനി ഈ തീരുമാനമെടുത്തതെന്ന് അവരുടെ അഭിഭാഷകന്‍ പുഗഴേന്തി പറഞ്ഞു. ജയില്‍ അധികൃതര്‍ മുഖേനയാണ് നളിനി കത്തയച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
26 വര്‍ഷമായി തടവില്‍ കഴിയുന്ന താന്‍ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷ മങ്ങിയ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി തേടുന്നതെന്നും കത്തില്‍ പറയുന്നു. ഭര്‍ത്താവ് മുരുഗനോട് ജയില്‍ അധികൃതര്‍ മോശമായാണ് പെരുമാറുന്നത്. വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കത്ത് നളിനി തമിഴ്‌നാട് സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും പുഗഴേന്തി പറഞ്ഞു.
മുരുഗനെ ഏകാന്ത തടവിലാക്കിയതിനെ തുടര്‍ന്ന് മുരുഗനും നളിനിയും കഴിഞ്ഞ പത്തു ദിവസമായി ഉപവാസ സമരത്തിലാണ്. മൊബൈല്‍ ഫോണ്‍ പിടികൂടിയതിനെ തുടര്‍ന്നാണ് മുരുഗനെ ഏകാന്തതടവിലാക്കിയത്. നളിനി വെല്ലൂരിലെ വനിതാ ജയിലിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷയനുഭവിച്ചു വരുന്ന വനിതാ കുറ്റവാളിയാണ് നളിനി.
രാജീവ് വധക്കേസില്‍ ഏഴു പ്രതികളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ പരിഗണനിലാണിപ്പോഴും.