ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ സ്ഥലം സംഭാവന നല്‍കി സിക്ക് വ്യാപാരി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയില്‍നിന്ന് 800 കി.മീ അകലെ മുസഫര്‍നഗര്‍ ജില്ലയിലെ പുര്‍ക്വാസി പട്ടണത്തിലാണ് വ്യാപാരി സുഖ്പാല്‍ സിംഗ് ബേഡി പള്ളി നിര്‍മിക്കാന്‍ 900 ചതുരശ്ര അടി ഭൂമി ദാനം ചെയ്തത്. സിക്ക് ഗുരു ഗുരുനാനാക്കിന്റെ 550 ാം ജന്മ വര്‍ഷികം വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
സവിശേഷമായി എന്തെങ്കിലും ചെയ്യണമെന്ന സുഖ്പാല്‍ സിംഗിന്റെ ആഗ്രഹമാണ് പള്ളിക്കായി 900 ചതുരശ്ര അടി സ്ഥലം നല്‍കിയതിന്റെ പിന്നിലെന്ന് ടൗണ്‍ പഞ്ചായത്ത് ചെയര്‍മാന്‍ സബീര്‍ ഫാറൂഖി പറഞ്ഞു. നഗരത്തില്‍ വേറെയും പള്ളികളുണ്ടെങ്കിലും സ്വന്തം മതത്തിലെ ആഘോഷത്തിന്റെ ഭാഗമായി ഇതര മതക്കാരന്‍ നല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി എന്തുകൊണ്ടും അടയാളപ്പെടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സുഖ്പാല്‍ വലിയ സമ്പന്നനല്ലെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം സമ്പന്നമാണ്. ഞങ്ങള്‍ ഇവിടെ എല്ലാ മതങ്ങളുടേയും സവിശേഷ ദിവസങ്ങള്‍ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുര്‍ക്വാസിയിലെ 30,000 വരുന്ന ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും മുസ്ലിംകളാണ്. സിക്ക് കുടുംബങ്ങള്‍ 200 ല്‍ താഴെ മാത്രം. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും തമ്മില്‍ അതിരിടുന്ന ഈ പട്ടണം ബ്രിട്ടീഷുകാര്‍ 500 സ്വാതന്ത്ര്യ സമര പോരാളികളെ തൂക്കിക്കൊന്ന സൂലി വാലാ ബാഗിന്റെ പേരില്‍ പ്രശസ്തമാണ്.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നടന്ന സംഭവം ഓരോ വര്‍ഷവും ഇവിടെ അനുസ്മരിക്കാറുണ്ട്.