ഹൈദരാബാദ്- തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെ ട്രക്ക് തൊഴിലാളികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തില്‍ രാജ്യത്ത് പലയിടത്തും പ്രതിഷേധം ശക്തമാകുന്നു. സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാരുകള്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പല നഗരങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഇരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആദരം അര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും മറ്റും പ്രകടനങ്ങള്‍ നടന്നു.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിനു സമീപം ഞായറാഴ്ച സംഘര്‍ഷാവസ്ഥയുണ്ടായി. രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും പോലീസും ഇവിടേക്ക് വരുന്നത് തടയാന്‍ അയല്‍ക്കാര്‍ വഴികളടച്ച് പ്രതിഷേധിച്ചു. സഹതാപം ആവശ്യമില്ലെന്നും നീതി മാത്രം മതിയെന്നും മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധമുണ്ടായത്.
കേസിലെ പ്രതികളെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. വലിയ പ്രതിഷേധത്തിനിടയാക്കിയ ദാരുണ കൊലപാതകം നടന്ന് നാലു ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബലാത്സംഗക്കേസ് പ്രതികള്‍ക്ക് വധ ശിക്ഷ ഉറപ്പാക്കി നിയമഭേതഗതി വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ കെ ടി രാമ റാവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.
ഇരയ്ക്ക ഉടനടി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം നടത്തിയവരും പോലീസും കഴിഞ്ഞ ദിവസം പോലീസുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനു ശേഷമാണ് മന്ത്രിമാരുടെ പ്രതികരണം വന്നത്. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.