മുംബൈ- ബിജെപി നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയ മുന്നണി വിട്ടെങ്കിലും ഹിന്ദുത്വ ആശയത്തെ കൈവിട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവ സേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഭിന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ള എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെങ്കിലും ഇപ്പോഴും ഹിന്ദുത്വ ആശയത്തോടൊപ്പമാണെന്നും ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി മുന്നണി മതേതര നിലപാടുള്ള മുന്നണി ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന് കക്ഷികളും സംയുക്തമായി രൂപം നല്‍കിയ പൊതുമിനിമം പരിപാടിയില്‍ മതേതരത്വത്തിന് പ്രത്യേക ഊന്നലും നല്‍കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ശിവ സേന ഹിന്ദുത്വത്തെ കൈവിടുന്നതായി വിലയിരുത്തപ്പെടുകുയം ചെയ്തിരുന്നു. എന്നാല്‍ ശിവ സേനയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റമില്ലെന്നാണ് ഉദ്ധവ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുന്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസില്‍ നിന്നും ഒരുപാട് പഠിച്ചെന്നും അദ്ദേഹം എല്ലായ്‌പ്പോഴും സുഹൃത്തായിരിക്കുമെന്നും ഉദ്ധവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാരിനെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. ശിവസേന-ബിജെപി സഖ്യം തകര്‍ന്നതിനെ താക്കറെ കളിയാക്കുകയും ചെയ്തു. 'ഞാന്‍ ഭാഗ്യമുള്ള മുഖ്യമന്ത്രിയാണ്. എന്നെ എതിര്‍ത്തവര്‍ ഇപ്പോള്‍ എന്റെ കൂടേയുണ്ട്. അതേസമയം കൂടെ ഉണ്ടായിരുന്നവര്‍ എതിര്‍ ഭാഗത്തുമാണ്. ഭാഗ്യവും ജനങ്ങളുടെ അനുഗ്രവുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഈ പദവിയില്‍ എത്തുമെന്ന് ഞാന്‍ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല, എന്നാല്‍ പദവി ലഭിച്ചു,' അദ്ദേഹം പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷ നേതാവെന്ന് വിളിക്കില്ലെന്നും ഉത്തരവാദിത്തമുള്ള നേതാവ് എന്നുമാത്രമെ വിളിക്കൂ എന്നും ഉദ്ധവ് പറഞ്ഞു. ഞങ്ങളോട് നല്ലതു മാത്രമെ അദ്ദേഹം ചെയ്തിട്ടുള്ളൂവെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല- ഉദ്ധവ് പറഞ്ഞു.