രാജ്‌കോട്ട്, ഗുജറാത്ത്- എട്ടുവയസ്സുകാരിയ്ക്ക് ക്രൂര പീഡനം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം നടന്നത്. പാര്‍ക്കില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ടുവയസ്സുള്ള കുട്ടിയെ തട്ടികൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ആരോ ഒരാള്‍ ഉറങ്ങുകയായിരുന്ന മകളെ തട്ടികൊണ്ടുപോയെന്നും വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ശേഷം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
രാവിലെ ഇവിടെനിന്ന് കുട്ടിയെ കണ്ടെടുത്തപ്പോള്‍ സാരമായി പരിക്കേറ്റിരുന്നുവെന്നും തുടര്‍ന്ന്! നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും അതില്‍ നിന്നും പീഡിപ്പിച്ചവരെപ്പറ്റി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
തോറാലയിലെ പൊതു പാര്‍ക്കില്‍ അമ്മയും മകളും ഉറങ്ങുകയായിരുന്നുവെന്നും അജ്ഞാതനായ ഒരാള്‍ കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് തട്ടികൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ശനിയാഴ്ച രാവിലെ പൊലീസില്‍ പരാതി നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്ന് രാജ്‌കോട്ട് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതിയ്‌ക്കെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.