മൈസുരു- ലൈംഗിക പീഡനം നേരിട്ട ഇരയെ വിരട്ടിയെന്ന ആരോപണം ഏറ്റുവാങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മൈസൂരു ബിഷപ്പിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൈസൂരു അതിരൂപതാ ബിഷപ്പ് കെ. എ വില്ല്യമിന് എതിരെയാണ് തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഇടപെടല്‍, സ്ത്രീകളുടെ മാന്യതയെ ഹനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ രേഖപ്പെടുത്തിയത്. ബിഷപ്പിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ് സിറ്റിസണ്‍ ഗ്രൂപ്പില്‍ നിന്നുള്ള റോബര്‍ട്ട് റൊസാരിയോ ആണ് നവംബര്‍ 5ന് ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു സ്ത്രീയുടെ വീഡിയോ പുറത്തുവന്നതിന് ശേഷമാണ് പരാതി എത്തിയത്. മറ്റൊരു പുരോഹിതന്റെ പീഡനത്തിന് ഇരയായ ഇവരെ ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നാണ് വീഡിയോയില്‍ ആരോപിച്ചത്.
അതിരൂപതയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ത്രീയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഫാദര്‍ ലെസ്ലി മൊറാസ് പീഡിപ്പിച്ചെന്നും, ഇതിന് ശേഷം ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി ആരോപിച്ചത്. ഇവര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും എഒസിസി വിഷയം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ലെസ്ലി മൊറാസിന് എതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
നവംബര്‍ 12ന് യുവതി വിഷയം സ്ഥിരീകരിച്ചെങ്കിലും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയെടുക്കാത്തത് കൊണ്ടാണ് കൂടുതല്‍ നടപടിയിലേക്ക് കടക്കാത്തതെന്നാണ് പോലീസ് വാദം. എന്നാല്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. ബിഷപ്പ് വില്ല്യമിനെതിരെ സഭയിലെ 37 പുരോഹിതന്‍മാര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പോപ്പിന് കത്തയച്ചിരുന്നു. അഴിമതിയും, ഭൂമി പിടിച്ചെടുക്കലിനും പുറമെ ബിഷപ്പിന് മക്കളുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. അധോലോക ബന്ധവും ബിഷപ്പിന് ഉണ്ടെന്നാണ് ഇവര്‍ വത്തിക്കാനെ അറിയിച്ചത്.