ലഖ്‌നൗ- ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് രാജ്യത്തെ 99 ശതമാനം മുസ്ലിംകളും ആഗ്രഹിക്കുന്നതെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്.
കേസില്‍ ഈ മാസം ഒമ്പതിന് പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ കക്ഷിയല്ലാത്ത ബോര്‍ഡിന്റെ ഹരജി തള്ളാനുള്ള സാധ്യത നിലനില്‍ക്കുന്നു.
മുസ്ലിംകള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ഹരജി നല്‍കുന്നതെന്നും ഈ വിശ്വാസത്തിന് വിധിയിലുടെ കോട്ടം തട്ടിയിട്ടുണ്ടെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി റഹ്്മാനി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കേസുമായി മുന്നോട്ടു പോകുന്നതിനോട് ബുദ്ധിജീവികള്‍ എതിരാണെന്ന ചോദ്യത്തോട് അവര്‍ സമുദായത്തിനുവേണ്ടി എന്താണ് ചെയ്യുന്നതെന്നായിരുന്നു മറുചോദ്യം.
റിവ്യൂ ഹരജി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച സുന്നി വഖഫ് ബോര്‍ഡ് പള്ളി നിര്‍മിക്കാനായി നല്‍കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണമോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.