ഭോപാല്‍: ആശുപത്രിയിലേക്കു പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നപ്പോള്‍ ആശുപത്രിയിലേക്ക് നടന്ന യുവതി 20 കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷം വഴിയരികില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ കാന്തി ജില്ലയിലെ ബര്‍മാനി ഗ്രാമത്തിലാണ് സംഭവം. തൊട്ടടുത്ത ഹെല്‍ത്ത് സെന്‍ററില്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും വാഹനം എത്തിയില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രസവവേദന കലശലായതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം യുവതി ആശുപത്രിയിലേക്ക് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബാറി ടൗണിനടുത്തു വച്ച് വഴിയില്‍ വച്ച് യുവതി പ്രസവിച്ച പെണ്‍കുഞ്ഞി താമസിയാതെ മരണപ്പെടുകയും ചെയ്തു. റോഡിലേക്ക് വീണതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസ് സ്റ്റേഷനു തൊട്ടടുത്തു വച്ചായിരുന്നു ദാരുണ സംഭവം. അതേസമയം മാസം തികയാതെ പ്രസവിച്ചതാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ബാറി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ പറഞ്ഞു. '108 ആംബുലന്‍സ് ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഭോപാലില്‍ നിന്നാണ് ആംബുലന്‍സിന്‍റെ പ്രവര്‍ത്തനം,' ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് അവധിയ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.