മുംബൈ- മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിൽ എൻ.സി.പിക്ക് പ്രധാനപ്പെട്ട വകുപ്പുകൾ ലഭിക്കുമെന്ന് സൂചന. 43 മന്ത്രിമാരിൽ പതിനാറ് പേർ എൻ.സി.പിയിൽനിന്നാകും. പന്ത്രണ്ടു പേർ കോൺഗ്രസിൽനിന്നും മന്ത്രിസഭയിലുണ്ടാകും. ശിവസേനക്ക് പതിനഞ്ചു പേരെയും ലഭിക്കും. കോൺഗ്രസിന് സ്പീക്കർ പദവി അനുവദിച്ചതുകൊണ്ടാണ് കൂടുതൽ മന്ത്രിമാരെ തങ്ങൾക്ക് ലഭിച്ചതെന്നാണ് എൻ.സി.പി അവകാശവാദം. കോൺഗ്രസ് എം.എല്‍.എ നാനാ പട്ടോളിനെ ഇന്ന് രാവിലെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു.
എൻ.സി.പിയുടെ ജയന്ത് പാട്ടീൽ ആഭ്യന്തരമന്ത്രിയാകുമെന്നാണ് സൂചന. കോൺഗ്രസ്-എൻ.സി.പി സർക്കാറിലും ജയന്ത് പാട്ടീൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഛഗൻ ഭുജ്ബാലിനൊപ്പം നിലവിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിലുള്ള മറ്റൊരു അംഗമാണ് ജയന്ത് പാട്ടീൽ.
ഉപമുഖ്യമന്ത്രി പദവി ശരദ് പവാറിന്റെ ബന്ധു അജിത് പവാറിന് തന്നെ നൽകാനുള്ള നീക്കവും എൻ.സി.പി നടത്തുന്നുണ്ട്. ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് അജിത് പവാർ പറയുന്നത്.