ഇന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ എട്ടാം ചരമവാർഷികം
ശിഹാബ് തങ്ങളുടെ മരണശേഷമുള്ള ഒരു ചൊവ്വാഴ്ച. ആളുകൾക്ക് ഒട്ടും കുറവില്ല. പലയിടങ്ങളിൽ നിന്നായി പലരും വന്നുകൊണ്ടിരിക്കുന്നു. ചെറു കൂട്ടങ്ങളുടെ പ്രവാഹങ്ങൾ തുടരുന്നു. സാന്ത്വനം തേടിയെത്തിവരുടെ നടുവിൽ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും. പൊടുന്നനെ ഒരു പെൺകുട്ടി മുനവ്വറലി തങ്ങളുടെ മുൻപിലെത്തി.
എന്നെ അറിയുമോ? പെൺകുട്ടിയുടെ ചോദ്യം.
മറുപടിക്ക് കാക്കാതെ പെൺകുട്ടി ഒരു ആൽബം മുനവ്വറലി തങ്ങളുടെ നേരെ നീട്ടി. മുനവ്വർ ആൽബം മറിച്ചു. ആൽബത്തിൽ ഉപ്പയുടെ ജീവസ്സുറ്റ ചിത്രങ്ങൾ. മുനവ്വറിന് ഏറെനേരം അങ്ങനെ നോക്കാൻ കഴിഞ്ഞില്ല. കണ്ണീർ പാട കാഴ്ചയെ മറച്ചു. നൊമ്പരം പണിപ്പെട്ട് മറച്ചു പിടിച്ചു പെൺകുട്ടിയുടെ നേരെ നോക്കി. അവളും വിതുമ്പുകയായിരുന്നു. മറക്കില്ലൊരിക്കലും....
ഓർമകൾ അങ്ങനെയാണ്. അത് കൂടെത്തന്നെ കൂടുന്ന ചില നേരങ്ങളുണ്ട്. മലയാളത്തിന്റെ മാനത്ത് അങ്ങനെയൊരു തെളിനിലാപ്പരപ്പായിരുന്നു പാണക്കാട്ടെ വല്ല്യക്കാക്ക. അകലങ്ങൾ വെളിപ്പെടുമ്പോൾ ഭൂമിയെ ചുംബിച്ചുകൊണ്ട് നടന്നുവരും ആ പാദങ്ങൾ. സൗമ്യമായ ഒരു ചിരിയാകും ആ കവിൾത്തടം. പതിഞ്ഞ ഒച്ചയിൽ പിറക്കുന്നൊരു ആശ്വാസവാക്കാകും. മറ്റു ചിലനേരങ്ങളിൽ ആ ഓർമകൾ ആ അസാന്നിധ്യത്തെത്തന്നെ മായ്ച്ചുകളയും. അത്തരം ദിവസങ്ങളാണ് പാണക്കാട്ടെ ചൊവ്വാഴ്ച്ചകൾ. തങ്ങളുടെ മരണശേഷമുള്ള ഒരു ചൊവ്വാഴ്ച. ആളുകൾക്ക് ഒട്ടും കുറവില്ല. പലയിടങ്ങളിൽ നിന്നായി പലരും വന്നുകൊണ്ടിരിക്കുന്നു. ചെറു കൂട്ടങ്ങളുടെ പ്രവാഹങ്ങൾ തുടരുന്നു. സാന്ത്വനം തേടിയെത്തിവരുടെ നടുവിൽ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും. പൊടുന്നനെ ഒരു പെൺകുട്ടി മുനവ്വറലി തങ്ങളുടെ മുൻപിലെത്തി.
എന്നെ അറിയുമോ? പെൺകുട്ടിയുടെ ചോദ്യം.
മറുപടിക്ക് കാക്കാതെ പെൺകുട്ടി ഒരു ആൽബം മുനവ്വറലി തങ്ങളുടെ നേരെ നീട്ടി. മുനവ്വർ ആൽബം മറിച്ചു. ആൽബത്തിൽ ഉപ്പയുടെ ജീവസ്സുറ്റ ചിത്രങ്ങൾ. മുനവ്വറിന് ഏറെനേരം അങ്ങനെ നോക്കാൻ കഴിഞ്ഞില്ല. കണ്ണീർ പാട കാഴ്ചയെ മറച്ചു. നൊമ്പരം പണിപ്പെട്ട് മറച്ചു പിടിച്ചു പെൺകുട്ടിയുടെ നേരെ നോക്കി. അവളും വിതുമ്പുകയായിരുന്നു.
തങ്ങളുപ്പാപ്പ ഉണ്ടായിരുന്ന കാലത്ത് കുറേ പ്രാവശ്യം വന്നിട്ടുണ്ട്.
പൊട്ടിപ്പൊട്ടിക്കരഞ്ഞ് പെൺകുട്ടി പറഞ്ഞു. ഞങ്ങളുടെ കൂടി ഉപ്പയാണ് പോയത്. കണ്ടു നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.
ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് വർഷമൊന്നായി. ഈ തറവാട്ടുമുറ്റത്ത് ഇപ്പോഴും ആളൊഴിഞ്ഞിട്ടില്ല. തങ്ങളുടെ സാന്നിധ്യം ഇപ്പോഴുമിവിടെയുണ്ടെന്ന വിശ്വാസത്തിൽ ജനങ്ങൾ വന്നുപോയ്കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും മനസിൽ അത്രയേറെ കനത്തതാണ് ശിഹാബ് തങ്ങളുടെ ഓർമകൾ. തങ്ങളിവിടെയെവിയെവിടെയോ ഉണ്ടെന്ന് ഓരോരുത്തരും കരുതുന്നു. കൊടപ്പനക്കൽ തറവാടിന്റെ പൂമുഖവാതിൽ തുറന്ന് നറുപുഞ്ചിരിയോടെ തങ്ങൾ വരുമെന്നവർ വിശ്വസിക്കുന്നു. വെറുതെയാണെന്നറിയാം. എങ്കിലും കാത്തിരിക്കുന്നു.
ഒരാൾ ചൊവ്വാഴ്ച്ചകളിൽ കൊടപ്പനക്കലെത്തും. നീളൻ വരാന്തയിലെ എട്ടുമൂല മേശയിൽ കുറേനേരം നോക്കിനിൽക്കും. പിന്നെ മടങ്ങി പോകും. ആരോടും ഒന്നും മിണ്ടില്ല. അദ്ദേഹത്തിനു സംസാരിക്കേണ്ടയാൾ അവിടെയില്ലല്ലോ. തങ്ങളുടെ മരണശേഷം മിക്കവാറും ചൊവ്വാഴ്ച്ചകളിൽ ഇത് പതിവാണ്. സന്ദർശകരുടെ ആവലാതി കേൾക്കാൻ മേശക്ക് പിന്നിലിരിക്കാറുള്ള ബഷീറലി തങ്ങളോടും മുനവ്വറലി തങ്ങളോടും ഒന്നും പറയാതെ പോകുന്നത് കോട്ടക്കൽ ഭാഗത്തുനിന്നുള്ള രാധാകൃഷ്ണൻ നായരാണ്. തങ്ങളുള്ള കാലത്ത് മിക്കവാറും ദിവസങ്ങളിൽ നായർ ഇവിടെ എത്താറുണ്ടെന്ന് കൊടപ്പനക്കലെ കാര്യസ്ഥൻ അലവ്യാക്ക.
അങ്ങനെ എത്രയെത്ര പേർ. ആരോരുമറിയാതെ തങ്ങൾ എത്രയോ പേർക്ക് സ്നേഹം നിറച്ചു. അവരാണ് കൊടപ്പനക്കൽ തറവാടിന്റെ പൂമുഖവാതിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. ഒരിക്കലും അടച്ചിട്ടിട്ടില്ലാത്ത ഗെയിറ്റ് കടന്നുവരുന്നത്.
തങ്ങളുടെ സാന്ത്വനമേറ്റവർ. പ്രാർത്ഥനയാൽ സൗഖ്യം പ്രാപിച്ചവർ. മറു കൈ പോലുമറിയാതെ തങ്ങളുടെ കാരുണ്യത്തിന്റെ സ്പർശമേറ്റവർ. അവർക്കൊന്നും പിന്നെയും പിന്നെയും പാണക്കാട്ടെത്തെത്താത്തിരിക്കാനാവില്ല. സമാശ്വാസത്തിന്റെ പ്രകാശ ഗോപുരമാണ് തങ്ങൾ. മരണം കീഴ്പ്പെടുത്താത്ത ജീവനില്ല. ഓർമ്മകളെ കീഴടക്കാൻ മരണത്തിന് കഴിഞ്ഞിട്ടുമില്ല. സ്മരണകൾ നിറഞ്ഞുകത്തുന്ന വിളക്കായി ഇപ്പോഴും തങ്ങൾ വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു.
തങ്ങളെ ജീവിതത്തിൽ ഒരിക്കലും കാണാത്തവർ പോലും ഇപ്പോഴും കൊടപ്പനക്കലിൽ വന്നുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ, രാഷ്ട്രീയനേതാക്കൾ, മതപ്രമുഖർ, വിദേശപ്രതിനിധികൾ, കായികതാരങ്ങൾ, ആയിരക്കണക്കിന് സാധാരണക്കാർ. ഇവിടെയിങ്ങനെയൊരു മഹാൻ ജീവിച്ചിരുന്നുവെന്ന് കേട്ടറിഞ്ഞെത്തിയവർ. ഓർമ്മകൾക്ക് കൂട്ടായി തങ്ങളുടെ കുടുംബാംഗങ്ങൾ.
കൊടപ്പനക്കലെത്തുന്ന ചിലർക്കെല്ലാം തങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾ വേണം. കുപ്പായം, തുണി, ചെരിപ്പ്, വാച്ച് എന്തെങ്കിലുമൊന്ന്. തങ്ങളുടെ മക്കൾ ചോദിക്കുന്നവർക്കെല്ലാം എടുത്തുകൊടുക്കും. കൈയറിഞ്ഞു സഹായിച്ച പാരമ്പര്യം പേറുന്നവരാണല്ലോ അവർ. ശിഹാബ് തങ്ങളുടെ തൊപ്പികൾ മാത്രം അവർ ആർക്കും കൊടുത്തില്ല. തങ്ങളുടെ തൊപ്പിക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. തൊപ്പി ആർക്കും നൽകിയിട്ടില്ല.
വരിക്കോടൻ ബാവ. പാണക്കാട് വഴിക്ക് പോകുമ്പോഴെല്ലാം കൊടപ്പനക്കലിൽ കയറി കുറച്ചുനേരമിരിക്കും. ആരും വേണമെന്നില്ല. കൊടപ്പനക്കൽ വീട്ടിലെ വരാന്തയിൽ കുറച്ചുനേരമിരുന്ന ശേഷമേ ബാവ യാത്ര തുടരാറുള്ളൂ.
നാടെങ്ങും ശിഹാബ് തങ്ങളുടെ അനുസ്മരണങ്ങളാണ്. നാടുനീളെ പരിപാടികൾ. ഓർമ പുതുക്കൽ ചടങ്ങുകൾ. നിറഞ്ഞെഴുകുന്ന സദസ്സുകൾ. ശിഹാബ് തങ്ങളുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവം. ശിഹാബ് തങ്ങളുടെ കാരുണ്യത്തിന്റെ ഉറവ വറ്റുന്നില്ല. നാടിന്റയും സമൂഹത്തിന്റെയും സങ്കടങ്ങളായിരുന്ന കെട്ടുപ്രായം കഴിഞ്ഞ ഒട്ടേറെ പെൺകുട്ടികളാണ് സുമഗംലികളായത്. മേൽക്കുരയില്ലാതെ അന്തിയുറങ്ങിയ കുറെ കുടുംബങ്ങൾക്ക് വീടുകളായി. നേതാവിനോടുള്ള സ്നേഹാദരം മനുഷ്യനന്മക്കായി വിനിയോഗിച്ച് അനുയായികൾ മാതൃക കാണിക്കുന്നു.
മലപ്പുറത്തെ ഓട്ടോറിക്ഷകൾക്ക് പിറകിൽ ശിഹാബ് തങ്ങളുടെ ചിത്രം ഒട്ടിച്ചുവെച്ചിരിക്കുന്നു. ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരെയും നോക്കുന്ന തങ്ങളുടെ ചിത്രം. തങ്ങളുടെ ജീവിതത്തിന്റെ പറ്റി നിരവധി പാട്ടുകളാണിറങ്ങിയത്. മറ്റുള്ളവർക്ക് സാന്ത്വനമേകാനായി മാറ്റിവെച്ച ജീവിത കഥ അന്തരീഷത്തിൽ മുഴങ്ങുന്നു.
''ഇന്ത്യൻ ജനതക്കകിലം നേതാവാണ് ശിഹാബ് തങ്ങൾ
മാനസമാൽ എതിരേറ്റിട്ടവരുടെ മദ്ഹുകൾ പാടി വരുന്നിത ഞങ്ങൾ..''.
മൊബൈൽ ഫോണുകളിൽ റിംങ് ടോണായി ശിഹാബ് തങ്ങളുടെ പ്രകീർത്തനങ്ങൾ.
സ്നേഹം വാരിക്കോരി കൊടുത്ത മഹാനായ ശിഹാബ് തങ്ങൾക്ക് വേണ്ടി എന്തു ചെയ്താലും മതിയാവില്ലെന്നറിയാം. എന്നിട്ടും ഒരു ജനത അവരുടെ ആദരവും സ്നേഹവും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ലോകമുള്ള കാലത്തോളം മറക്കാനാകില്ല. മറഞ്ഞുപോകില്ല, കാലം മറയും. പുതിയ ലോകം വരും. തങ്ങൾക്ക് പകരം വെക്കാൻ ആരെങ്കിലുമെത്തുമോയെന്നറിയില്ല. ഏതെങ്കിലും കാലങ്ങളിൽ ഇത്തരമൊരു മഹാത്ഭുതം സംഭവിച്ചേക്കാം.
തങ്ങളുടെ ജീവചരിതം ആരുമെഴുതിയിട്ടില്ല. ജീവചരിത്രമില്ലാത്തതിന്റെ പേരിൽ തങ്ങളുടെ ജീവിതം ആരുമറിയാതിരുന്നിട്ടില്ല. വിളികേൾക്കുന്ന ദൂരത്ത് തങ്ങളുണ്ടായിരുന്നു. ജനമിപ്പോഴും കരുതുന്നു. ഇതാ ഇവിടെയടുത്ത് തങ്ങളുണ്ട്. മറഞ്ഞുപോകില്ല, മാഞ്ഞുപോകില്ല. ഓർമ്മകൾക്ക് ചിതലരിക്കില്ല.
വലിയ ശബ്ദത്തിൽ തങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. ആ വാക്കുകൾക്ക് കനമുണ്ടായിരുന്നില്ല. വാക്കുകൾക്ക് സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. കനിവിന്റെ സ്പർശമുണ്ടായിരുന്നു. സ്നേഹത്തിന്റെ തണുപ്പ് ഇപ്പോഴും വന്നുമൂടുന്നു. കനിവിന്റെ തലോടലേൽക്കുന്നു.
കൊടപ്പനക്കലെ കവാടം തുറന്നുവെച്ചിരിക്കുന്നു. ഇവിടെ തങ്ങളില്ലെന്നറിയാം. ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ആർക്കുമൊന്നും വേണ്ട. ഒരായുസ്സിൽ പകർന്നു നൽകിയ സ്നേഹം തിരിച്ചുകൊടുക്കാൻ പാണക്കാട്ടെ കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാട്ടിലേക്ക് അവരെത്തിക്കൊണ്ടിരിക്കുന്നു. മലപ്പുറത്തെ തെരുവോരങ്ങളിൽ ഫഌ്സ് ബോർഡുകളിൽ തങ്ങളുടെ വലിയ ഫോട്ടോകൾ. താഴെ ചെറിയ അക്ഷരങ്ങളിൽ ഇങ്ങിനെ. മറക്കില്ലൊരിക്കലും.
വലിയൊരു കൂട്ടം ജനത തങ്ങൾ കാണിച്ചുതന്ന ആ വഴിയിലൂടെ നടന്നുപോകുമ്പോൾ അത് നാടിന്റെ തന്നെ വീണ്ടെടുപ്പാകുന്നു. കാലം വിഭാഗീയതയുടെയും വർഗീയതയുടെ പുതുകോലങ്ങൾ കാട്ടുമ്പോൾ കൊടപ്പനക്കലെ വീട്ടുമുറ്റത്തുനിന്ന് കാറിൽ കയറി പുകയുന്ന മനസ്സുകളിലേക്ക് പുറപ്പെടാൻ തങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ മനസ്സുകളും പ്രാർഥിച്ചുപോകുന്നു.
(മലയാളം ന്യൂസ് ലൈബ്രറി)