റിയാദ് - സൗദി പൗരന്മാർ സ്വന്തമായി വാങ്ങുന്ന ആദ്യ പാർപ്പിടങ്ങൾക്കുള്ള മൂല്യവർധിത നികുതിയിളവ് ഇനത്തിൽ ഇതുവരെ സർക്കാർ 492 കോടി റിയാൽ വഹിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സൗദിയിൽ മൂല്യവർധിത നികുതി നിലവിൽ വന്ന 2018 ജനുവരി ഒന്നു മുതൽ കഴിഞ്ഞ മാസാവസാനം വരെയുള്ള കാലത്താണ് വാറ്റ് ഇളവ് ഇനത്തിൽ സർക്കാർ ഇത്രയും പണം വഹിച്ചത്. സൗദി പൗരന്മാർ ആദ്യമായി വാങ്ങുന്ന, എട്ടര ലക്ഷം റിയാലും അതിൽ കുറവും വില വരുന്ന പാർപ്പിടങ്ങൾക്കാണ് നികുതിയിളവ് നൽകുന്നത്.
ഇരുപതു മാസത്തിനിടെ 1,15,856 പാർപ്പിടങ്ങൾക്ക് നികുതിയിളവ് അനുവദിച്ചു. പാർപ്പിട മന്ത്രാലയ പട്ടികയിൽ പെട്ട 83,112 ഗുണഭോക്താക്കൾക്ക് മന്ത്രാലയം നികുതിയിളവ് സർട്ടിഫിക്കറ്റ് അനുവദിച്ചു. ഇത്രയും പേർ നികുതിയിനത്തിൽ അടയ്‌ക്കേണ്ടിയിരുന്ന 353 കോടി റിയാൽ സർക്കാർ വഹിച്ചു. നികുതിയിളവ് ലഭിച്ച ഗുണഭോക്താക്കളിൽ 71.74 ശതമാനം പേരും പാർപ്പിടകാര്യ മന്ത്രാലയ പട്ടികയിൽപെട്ട ഗുണഭോക്താക്കളാണ്.
റിയൽ എസ്റ്റേറ്റ് പട്ടികയിൽ പെട്ട ഗുണഭോക്താക്കളായ 13,596 പേർക്കും നികുതിയിളവ് ലഭിച്ചു. ആകെ നികുതിയിളവ് ലഭിച്ചവരിൽ 11.74 ശതമാനം പേർ റിയൽ എസ്റ്റേറ്റ് പട്ടികയിൽ പെട്ട ഗുണഭോക്താക്കളാണ്. ഇവർക്ക് 57.7 കോടിയിലേറെ റിയാലാണ് നികുതിയളവായി ലഭിച്ചത്.
പാർപ്പിട മന്ത്രാലയ, റിയൽ എസ്റ്റേറ്റ് പട്ടികകൾക്ക് പുറത്തുള്ള 19,148 ഗുണഭോക്താക്കൾക്കും നികുതിയിളവ് പ്രയോജനം ലഭിച്ചു. ഇവർക്ക് 81.3 കോടിയിലേറെ റിയാലാണ് നികുതിയിളവായി ലഭിച്ചത്. ആകെ നികുതിയിളവ് ലഭിച്ചവരിൽ 16.53 ശതമാനം പേർ മൂന്നാമത്തെ ഗണത്തിൽ പെട്ടവരാണ്.