മസ്‌കത്ത്- മൂന്ന് മലയാളികളുള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ന്യൂദല്‍ഹിയില്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
രമേശന്‍ കിനാത്തെരിപറമ്പില്‍ (മലപ്പുറം), ഷിജു ഭുവനചന്ദ്രന്‍ (തിരുവനന്തപുരം), പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് (വടക്കാഞ്ചേരി) എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാന്‍ എല്ലാ വര്‍ഷവും തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ഇന്ത്യക്കാര്‍ക്കും മാപ്പു ലഭിച്ചത്.
മലയാളികളെക്കൂടാതെ, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടകം, തെലങ്കാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മാപ്പു ലഭിച്ച ഇന്ത്യക്കാര്‍.